‘ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണം’; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഭാ നേതൃത്വം

 
nuns

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമ വിദഗ്ധരുമായി ആലോചിച്ച് ഉടന്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അതിനിടെ ബജറംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ളവര്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകേണ്ടിയിരുന്ന യുവതികള്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല.

കന്യാസ്ത്രീമാര്‍ക്കെതിരെയും ആദിവാസി യുവാവിനെതിരെയും എന്‍ ഐ എ ആക്ട് പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ സങ്കീര്‍ണമായ നിയമ നടപടികളെയാണ് നേരിടേണ്ടി വരിക. ബിഎന്‍എസ് 143 / ഛത്തീസ്ഗഡ് ധര്‍മ്മാന്തരന്‍ സെക്ഷന്‍ ഫോര്‍ എന്നി ഗുരുതര വകുപ്പുകള്‍ ആണ് പോലീസ് എഫ് ഐ ആറില്‍ എഴുതിയിരിക്കുന്നത്.

10 വര്‍ഷം വരെ കഠിന തടവു ശിക്ഷ ലഭിക്കാവുന്ന രാജ്യദ്രോഹ കുറ്റം ചുമത്തിയ സാഹചര്യത്തില്‍ എഫ് ഐ ആര്‍ റദ്ദാക്കണം എന്നാണ് സഭാ നേതൃത്വത്തിന്റെ ആവശ്യം. ഇതിനായി നിയമ വിദഗ്ധരുമായി കൂടി ആലോചിച്ച ശേഷം ഹൈക്കോടതിയില്‍ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. കര്‍ശനമായ ഉപാധികളോടെയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ഛത്തീസ്ഗഡില്‍ തന്നെയുള്ള ദില്ലി രാജ്ഹാരയിലെ മഠത്തിലാണ് താമസം. കുറച്ച് ദിവസം തങ്ങിയ ശേഷം ഇരുവരും കേരളത്തിലേക്ക് പോകും. അതിനിടെ ബജറംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ളവര്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകേണ്ടിയിരുന്ന യുവതികള്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. നാരായണ്‍പൂര്‍ SPക്ക് നല്‍കിയ പരാതി അധികാരപരിധി ഉന്നയിച്ചാണ് പൊലീസ് മടക്കിയത്. ഇതോടെ മൂന്ന് യുവതികളും ഓണ്‍ലൈന്‍ ആയി ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും.

Tags

Share this story

From Around the Web