ഒടുവിൽ മടക്കം; യുദ്ധവിമാനം എഫ് 35 ബി ബ്രിട്ടനിലേക്ക് തിരിച്ചു, വിമാനം കേരളത്തിൽ തുടരുന്നത് വലിയ ട്രോളുകൾക്ക് വഴി വച്ചെങ്കിലും വിമാനത്താവളത്തെ സംബന്ധിച്ച് ഇത് ലാഭം മാത്രമായിരുന്നു
 

 
11O1012

ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി ബ്രിട്ടനിലേക്ക് മടങ്ങി. ഒരു മാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യന്ത്ര തകരാർ പരിഹരിച്ചതിന് പിന്നാലെയാണ് വിമാനം മടങ്ങുന്നത്. പരീക്ഷണ പറക്കലിനു ശേഷമാണ് കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളുടെ ക്ലിയറൻസ് പൂർത്തിയാക്കി കൊണ്ട് വിമാനം ബ്രിട്ടനിലേക്ക് മടങ്ങിയത്.

ജൂൺ 14നായിരുന്നു സൈനിക അഭ്യാസത്തിന് എത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ് 35 വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ബ്രിട്ടൻ്റെ അത്യാധുനിക സാങ്കേതിക യുദ്ധ വിമാനം യന്ത്രത്തകരാർ കാരണം മഴയും വെയിലുമേറ്റ് ഒരുമാസമാണ് തിരുവനന്തപുരത്തെ വിമാനത്താവളത്തിൽ കിടന്നത്.

ഒടുവിൽ ബ്രിട്ടൻ വ്യോമസേനയുടെ എയർ ബസ് 400 ൽ എത്തിയ 24 അംഗ വിദഗ്ദ സംഘമാണ് എഫ് 35 ബിയെ അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേയ്ക്ക് മാറ്റിയത്. യന്ത്രത്തകരാർ പരിഹരിച്ച് ഇന്നലെ രാവിലെയോടെ വിമാനം ഡൊമസ്റ്റിക് എയർപോർട്ടിലെ ബേ നമ്പർ 4 ലേയ്ക്ക് മാറ്റിയിരുന്നു. വിമാനം കേരളത്തിൽ തുടരുന്നത് വലിയ ട്രോളുകൾക്ക് വഴി വച്ചെങ്കിലും വിമാനത്താവളത്തെ സംബന്ധിച്ച് ഇത് ലാഭം മാത്രമായിരുന്നു. 37 ദിവസത്തെ വാടകയിനത്തിൽ പ്രതിദിനം 26,261 രൂപ വെച്ച് എട്ട് ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്.

Tags

Share this story

From Around the Web