വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജുമായി കൈകോർത്ത് ഫെഡറൽ ബാങ്ക്

ആരോഗ്യ മേഖലയിൽ നടത്തിവരുന്ന സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫാർമസി കോളേജിന് ഫെഡറൽ ബാങ്ക് തുക അനുവദിച്ചു. മെഡിക്കൽ കോളേജിന്റെ രണ്ടര ഏക്കർ സ്ഥലത്ത് 13.73 കോടി രൂപ ചെലവിൽ 40,476 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം പണിയുന്നത്.
ഫാർമസി രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ആധുനിക ലബോറട്ടറി സൗകര്യം, ലക്ചർ ഹാൾ, ഗവേഷണത്തിനും വികസനത്തിനുമായി പ്രത്യേക ഇടം, വിദ്യാർത്ഥികൾക്കുള്ള ക്ലാസ് മുറികൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയാണ് കോളേജിൽ സജ്ജീകരിക്കുക.
കൂടാതെ, ഫെഡറൽ ബാങ്കിന്റെ ജീവകാരുണ്യ പദ്ധതിയായ 'സഞ്ജീവനി'യിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്ക് മരുന്നുകളും മറ്റു ചികിത്സ സൗകര്യവും ഉറപ്പാക്കാനും ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രം ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ വി എസ് മണിയനും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഡയറക്ടർ വിക്രം മാത്യൂസും കൈമാറി.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെ മൊത്തത്തിൽ തന്നെയും മൂല്യം വർദ്ധിപ്പിക്കുന്ന പങ്കാളിത്തങ്ങൾ ഊട്ടിയുറപ്പിക്കുന്നതിൽ ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. വൈദ്യശാസ്ത്രപരമായി മാത്രമല്ല സാമ്പത്തികമായും വൈകാരികമായും കുടുംബങ്ങളെ ബാധിക്കുന്ന വർത്തമാനകാലത്തെ വലിയ വെല്ലുവിളിയായി കാൻസർ എന്ന മാരകരോഗം തുടരുകയാണ്.
കാൻസറിനെതിരെ അവബോധം സൃഷ്ടിക്കുന്ന സഞ്ജീവനി പദ്ധതിയുമായി സഹകരിക്കുന്നതിൽ ബാങ്കിന് അഭിമാനമുണ്ട്. അതിന്റെ തുടർച്ചയായാണ് കാൻസർ ബാധിതരെ സഹായിക്കുന്ന പദ്ധതിയ്ക്ക് ബാങ്ക് തുടക്കം കുറിച്ചത്. അതിന് പങ്കാളികളെ ആവശ്യമായിരുന്ന ഘട്ടത്തിലാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചത്.
ഇന്ന് പുതിയ ഫാർമസി കോളേജുമായി ബന്ധപ്പെട്ട് ഈ സഹകരണം വ്യാപിപ്പിക്കുമ്പോൾ, അവബോധം, രോഗീപരിചരണം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ ദൗത്യമായി ഞങ്ങളുടെ സി എസ് ആർ പദ്ധതികൾ പരിണമിക്കുകയാണ്. സമഗ്രമായ ഈ സമീപനത്തിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രോഗശാന്തി വലയം ഫെഡറൽ ബാങ്ക് രൂപപ്പെടുത്തുന്നു. ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.
കാൻസർ രോഗികളുടെ ചികിത്സയ്ക്കും അനുബന്ധ സേവനങ്ങൾക്കും ഉതകുന്ന തരത്തിൽ മേഖലയിലെ വിദ്യാഭ്യാസം, ഗവേഷണം, സേവന പ്രവർത്തനങ്ങൾ എന്നിവയിൽ പിന്തുണ നൽകുന്ന ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഡയറക്ടർ വിക്രം മാത്യുസ് നന്ദി അറിയിച്ചു.
സഞ്ജീവനി പദ്ധതിയിലൂടെ കാൻസർ രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രോഗ നിർണയ ടെസ്റ്റുകളിലൂടെയും മുൻകൂട്ടിയുള്ള ചികിത്സയിലൂടെയും വെല്ലൂർ സിഎംസിയിൽ മാത്രം 764 പേരാണ് സഞ്ജീവനി പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുള്ളത്.