എഫ്.സി.ആര്‍.എ ബില്ലും പി.സി. ജോര്‍ജും ബി.ജെ.പിക്കു തിരിച്ചടിയാകുമോ. ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം യു ടേണ്‍ അടിച്ചെങ്കിലും ബി.ജെ.പിയില്‍ വിശ്വാസം നഷ്ടപ്പെട്ടു ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍

 
0988

കോട്ടയം: എഫ്.സി.ആര്‍.എ ബില്ലും പി.സി. ജോര്‍ജും ബി.ജെ.പിക്കു തിരിച്ചടിയാകുമോ. ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം യു ടേണ്‍ അടിച്ചെങ്കിലും ബി.ജെ.പിയില്‍ വിശ്വാസം നഷ്ടപ്പെട്ട ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍. തിരിച്ചടി മുന്നില്‍കണ്ടു സംസ്ഥാന ബി.ജെ.പി നേതൃത്വം കാലുപിടിച്ചതിനാലാണു ബില്‍ പാര്‍ലമെന്റില്‍ വെക്കാതിരുന്നതെന്നു വ്യക്തം. കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം പിന്നാക്കം പോയത് ക്രൈസ്തവ സഭകള്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ത്രികോണ പോരിന്റെ പ്രതീതിയുണര്‍ത്താന്‍ സാധിച്ച ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ക്രൈസ്തവ സമൂഹത്തിന്റെ ഈ നിലപാടോടെ വെട്ടിലായിരിക്കുകയാണ്.

ബില്ല് മാറ്റിവെച്ചതു സ്വാഗതംചെയ്ത സി.ബി.സി.ഐയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുള്‍പ്പെടെ വിവിധ ക്രൈസ്തവ സഭകളും ബില്ല് തല്‍ക്കാലത്തേക്കാണ് മാറ്റിയതെന്നത് ഓര്‍മയില്‍ ഉണ്ടാകണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇപ്പോഴും ആശങ്കയുണ്ടെന്നും ചില വ്യവസ്ഥകള്‍ മാറ്റണമെന്നുമാണ് സഭകളുടെ നിലപാട്. ബില്‍ നിയമമായാല്‍ മാനുഷിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമാണു സഭകള്‍ പറയുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പു കണക്കിലെടുത്താണോ ബില്‍ അവതരണം മാറ്റിയതെന്ന സംശയമുണ്ടെന്നാണ് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഭകള്‍ ഇവിടെയുണ്ടാകുമെന്ന മുന്നറിയിപ്പും സഭകള്‍ നല്‍കുന്നു.

ഇതിനിടെ എഫ്.സി.ആര്‍.എ വിവാദത്തില്‍നിന്നു തലയൂരാന്‍ സംസ്ഥാന ബി.ജെ.പി പാടുപെടുന്നതിനിടെ പാര്‍ട്ടിയെയും സ്ഥാനാര്‍ഥികളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയതു പൂഞ്ഞാറിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികൂടിയായ പി.സി. ജോര്‍ജാണ്. എഫ്.സി.ആര്‍.എ വിഷയത്തില്‍ ബിഷപ്പുമാരെ രൂക്ഷഭാഷയില്‍ ആക്ഷേപിച്ച ജോര്‍ജിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയായി. ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ ഉള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു.

കുറച്ചു പിതാക്കന്മാര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണെന്നും അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനം പറയുമെന്നുമായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. താന്‍ ഇത് പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. ബി.ജെ.പിയുടെ മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.

ജോര്‍ജിന്റെ മകനും പാലായിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ ഷോണ്‍ ജോര്‍ജ് ഈ പ്രസ്താവനക്കെതിരെ രംഗത്തു വന്നതു ക്രൈസ്തവ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ഇതേ അവസ്ഥയിലാണു ക്രൈസ്തവ വോട്ടുകള്‍ പ്രതീക്ഷിക്കുന്ന മറ്റു സ്ഥാനാര്‍ഥികളും.

അതിനിടെ എഫ്.സി.ആര്‍.എയില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയിട്ടും എന്ന വീണുകിട്ടിയ ആയുധം ഉപേക്ഷിക്കാന്‍ ഇടതു വലതു മുന്നണികളും തയാറാകാത്തതും ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് മാത്രമാണ് ബില്‍ മാറ്റിവച്ചതെന്നും ഇരട്ടി പ്രഹരത്തോടെ തിരികെ വരുമെന്നുമാണ് ഇരുമുന്നണികളുടെയും പ്രചാരണം.

Tags

Share this story

From Around the Web