എഫ്‌സിആര്‍എ ഭേദഗതി ബില്‍ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശൻ
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭേദഗതി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുമെന്നും ജീവജീവകാരുണ്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും വി.ഡി സതീശൻ. തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യം.
ബിജെപി സര്‍ക്കാരിന്‍റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആര്‍എ) നിയമ ഭേദഗതി ബില്‍ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞിരുന്നു.
'അഞ്ചു സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നിൽക്കുമ്പോള്‍ ഇങ്ങനെയൊരു ന്യൂനപക്ഷ വിരുദ്ധ നിയമം കൊണ്ടുവരുന്നത് നിഗൂഢ ലക്ഷ്യങ്ങളോടെയാണ്. ഇലക്ഷന്‍ ചൂതാട്ട പലകയിലെ കരുക്കളല്ല രാജ്യത്തെ ഈ ജനവിഭാഗം. അവരുടെ നിലനില്പിനെ പോലും ചോദ്യം ചെയ്യുന്ന കരിനിയമമാണിത്. ബില്‍ അപ്രതീക്ഷിതമായി ലോക്‌സഭയില്‍ സപ്ലിമെന്ററി ബിസിനസില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അപകടം മണത്തറിഞ്ഞിരുന്നു. കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി ബില്ലിനെ നാലുകാരണങ്ങളാല്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഭരണഘടനാപരമായ സംരക്ഷണമൊന്നുമില്ലാതെ സര്‍ക്കാരിന് വിപുലമായ അധികാരം നല്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി.'