പ്രിയപ്പെട്ട ശ്രീനിക്ക് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും.
ശ്രീനിവാസന്‍ എന്ന കലാകാരന്റെ പ്രതിഭ പൂര്‍ണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേര്‍ക്കുന്നത്.
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍പ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.