കൊളംബിയയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു
മധ്യ കൊളംബിയയിലെ കുന്നിനാമാർക്ക പ്രവിശ്യയിലുണ്ടായ ശക്തമായ കൽക്കരി ഖനി സ്ഫോടനത്തിൽ നാല് തൊഴിലാളികൾ കൊല്ലപ്പെട്ടു. കുക്കുനുബ മേഖലയിലെ ‘ലാസ് ക്വിന്റാസ്’ ഖനിയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് ഖനിക്കുള്ളിൽ കുടുങ്ങിക്കിടന്ന നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ഗവർണർ ജോർജ് എമിലിയോ റേ സ്ഥിരീകരിച്ചു.
ഖനിക്കുള്ളിൽ അടിഞ്ഞുകൂടിയ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടക്കുമ്പോൾ നിരവധി തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നു. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
കൊളംബിയയിലെ ഖനികളിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവം മൂലം ഇത്തരം അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.