തെലങ്കാനയിലെ കെമിക്കല്‍ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറി; മരണസംഖ്യ 37 ആയി, സ്ഫോടനത്തിൻ്റെ ആഘാതത്തിൽ മൂന്നുനില കെട്ടിടം തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കും

തെലങ്കാനയിൽ കെമിക്കല്‍ പ്ലാൻ്റിലുണ്ടായ പൊട്ടിത്തെറിയിൽ 37 പേർ മരിച്ചതായി റിപ്പോർട്ട്. തെലങ്കാനയിലെ പശമൈലാരം ഗ്രാമത്തിലെ സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയിലാണ് കഴിഞ്ഞ ദിവസം റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ തകർന്ന മൂന്നുനില കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് ഡ്രൈയിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 35 ഓളം തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
27 തൊഴിലാളികളെ ഇപ്പോഴും കാണാനില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ സേന, ഹൈദരാബാദ് ദുരന്ത നിവാരണ, ആസ്തി സംരക്ഷണ ഏജൻസി റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കെമിക്കല്‍ പ്ലാൻ്റിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗം പേരും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായിരുന്നു.സ്ഫോടനം നടക്കുമ്പോൾ 108 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേൾക്കാമായിരുന്നു. 15 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് സ്ഥലത്തെ തീ അണച്ചത്. ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ അവരുടെ ഡിഎൻഎ പരിശോധന നടത്താനാണ് അധികാരികൾ തീരുമാനിച്ചിട്ടുള്ളത്.