എക്സിറ്റ് പോളില്‍ സാധ്യത ഇടതു മുന്നണിക്ക്, സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാവും: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ എല്‍ഡിഎഫിന് യാതൊരു ഉത്കണ്ഠയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോള്‍ വന്ന സര്‍വേകള്‍ രണ്ട് കാര്യങ്ങളാണ് വളരെ വ്യക്തതയോടെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്ന്- കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ല എന്നുള്ളതാണ്. രണ്ട്- കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള ഏറ്റവും പ്രമുഖനായ നേതാവ് പിണറായി വിജയനാണ്. എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷത്തിന് 60 മുതല്‍ 69 വരെ സീറ്റുകളാണ് സര്‍വേയില്‍ പറഞ്ഞിട്ടുള്ളത്. 69 ആയാല്‍ കേവല ഭൂരിപക്ഷത്തിന് പിന്നെ വേണ്ടത് രണ്ടെണ്ണമാണ്. സര്‍വേക്കാര്‍ തന്നെ പറയുന്നു അഞ്ചോ എട്ടോ എണ്ണത്തില്‍ വ്യത്യാസം വന്നേക്കാമെന്ന്. യഥാര്‍ത്ഥത്തില്‍ അധികാരത്തില്‍ വരാന്‍ ഇടതുമുന്നണിക്ക് വളരെ നല്ല സാധ്യതയാണ് ഈ സര്‍വേ പ്രകാരം വന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിന് ഒരു ഉത്കണ്ഠയുമില്ല.
ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നതാണ്, എക്‌സിറ്റ് പോളിന്റെ ഉള്ളില്‍ കാണാന്‍ കഴിയുന്നത്. അതില്‍ മുന്നണിക്ക് ഒരു സംശയവുമില്ല. എല്‍ഡിഎഫിന് വീണ്ടും അധികാര്തതില്‍ വരാന്‍ കഴിയും. കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ല. ചില സര്‍വെ പറയുന്നു ബിജെപിക്ക് 14 സീറ്റു വരെ ലഭിക്കുമെന്ന്.
എന്തു യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സര്‍വേ ആണത്?. നേമം ഉള്‍പ്പെടെ ഒരു സീറ്റും ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ല. ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നുള്ള പരസ്യപ്രഖ്യാപനത്തിന്റെ ഉള്ളറകളാണ് യഥാര്‍ത്ഥത്തില്‍ സര്‍വേ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ സാധിക്കുകയെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.