കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം, ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം, ഇന്ത്യക്കാരിൽ സ്ക്രീൻ ടൈം കൂടിയത് 2020 മുതൽ

ഓൺലൈൻ ക്ലാസുകൾ, ഗൈമിംഗ് എന്നിവയൊക്കെയായി ആവശ്യത്തിലധികം സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മുടെ കുട്ടികൾ. ഉറങ്ങുന്ന സമയത്ത് മാത്രമായിരിക്കും ഫോണിന് ഇടവേള കൊടുക്കുന്നത്.
കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇത് മാത്രമല്ല കൂടുതൽ സമയം മൊബൈലിൽ ചെലവഴിക്കുന്നത് കുട്ടികളിൽ ഹൃദയാഘാതത്തിന് കാരണമാവുമെന്നാണ് ജേർണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുക, അമിതമായി കാണുക, അല്ലെങ്കിൽ ഗെയിമിംഗ് ചെയ്യുക എന്നിങ്ങനെ ഓരോ അധിക മണിക്കൂറും സ്ക്രീനിൽ ചെലവഴിക്കുന്നത് കുട്ടികളിലും കൗമാരക്കാരിലും കാർഡിയോമെറ്റബോളിക് അപകടസാധ്യത വർധിപ്പിക്കുന്നു.
ആയിരത്തിലധികം അമ്മമാരെയും കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. സ്ക്രീൻ സമയം രക്ഷിതാക്കൾ റിപ്പോർട്ട് ചെയ്തതോ സ്വയം റിപ്പോർട്ട് ചെയ്തതോ ആയിരുന്നു. രണ്ടാഴ്ചത്തേക്ക് ആക്സിലറോമീറ്ററുകൾ ഉപയോഗിച്ച് ഉറക്കവും ശാരീരിക പ്രവർത്തനങ്ങളും വസ്തുനിഷ്ഠമായി അളന്നു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് കാർഡിയോമെറ്റബോളിക് റിസ്ക് (CMR) കണക്കാക്കിയത്.
2020 മുതലാണ് ഇന്ത്യക്കാരിൽ സ്ക്രീൻ ടൈം കൂടിയത്. കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളാണ് കുട്ടികളിൽ സ്ക്രീനുപയോഗം വര്‍ധിപ്പിച്ചത്. ശരീരഭാരവും രക്തസമ്മർദവും സാധാരണ നിലയിലാണെങ്കിൽ പോലും ഉറങ്ങുന്നതിന് മുമ്പും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെയുള്ള ഉപയോഗം ഉറക്കത്തെയും ദഹനപ്രക്രിയയെയും ഭാഷാവികാസത്തെയും സാരമായി ബാധിക്കുന്നു. എന്നാൽ ശരിയായ ഉറക്കം ഇതിലെ 12 ശതമാനം പ്രശ്നങ്ങളെയും തടയുന്നു. 10 വയസിന് മുകളിലുള്ളവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്.
അമിത സ്ക്രീൻ സമയം കുറക്കുന്നതിന് മാതാപിതാക്കൾ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. ഓൺലൈൻ ക്ലാസോ മറ്റ് അത്യാവശ്യങ്ങളോ അല്ലാതെ അനാവശ്യമായി മൊബൈൽ ഫോൺ നൽകാതിരിക്കുക, കളിവിനോദങ്ങളിലേർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുക, ശരിയായ ഉറക്കം ശീലിപ്പിക്കുക എന്നിവയോടൊപ്പം കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.