ഈസ്റ്റർ ദിനത്തിലെ പരീക്ഷ: ക്രൈസ്തവ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നു; കോതമംഗലം രൂപതാ പിതൃവേദി പ്രതിഷേധിച്ചു
 

 
222

കോതമംഗലം: ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ പെസഹാ വ്യാഴം, ഈസ്റ്റർ ഞായർ എന്നിവയോടനുബന്ധിച്ച് ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (JEE Main) നടത്തുന്നതിലെ അവ്യക്തത പരിഹരിക്കണമെന്ന് കോതമംഗലം രൂപതാ പിതൃവേദി സമിതി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ക്രൈസ്തവ വിദ്യാർത്ഥികളെ ഈ തീരുമാനം പ്രതിസന്ധിയിലാക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി.

ഈസ്റ്റർ ദിനത്തിൽ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടുള്ളവർ ഇമെയിൽ വഴി അറിയിക്കണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷ മാറ്റിച്ചാൽ അത് എന്ന് നടത്തുമെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാത്തത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുവെന്ന് രൂപതാ ഡയറക്ടർ റവ. ഫാദർ ആന്റണി പുത്തൻകുളം അഭിപ്രായപ്പെട്ടു.

പരീക്ഷാ തീയതി മാറ്റാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ jeemain.query@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണമെന്ന് അറിയിപ്പുണ്ട്. രൂപതാ പ്രസിഡന്റ് പ്രൊഫ. ജോസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ജിജി പുളിക്കൽ, ധേബാർ ജോസഫ്, ജോയി ജോസഫ്, ബിജു ജോയി എന്നിവർ യോഗത്തിൽ സംസാരിച്ചു.

വിശ്വാസപരമായ പ്രധാന ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്നും വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷമില്ലാതെ പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു

Tags

Share this story

From Around the Web