ഛത്തീസ്‌ഗഡിൽ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നേരത്തെ തന്നെ ലക്ഷ്യമിട്ടതിന് തെളിവ്

കോട്ടയം: ഛത്തീസ്‌ഗഡിൽ സേവനം നടത്തുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാരെ മതപരിവർത്തന നിയമ ലംഘനം ചുമത്തി അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാർ നേരത്തേ പദ്ധതിയിട്ടതായി തെളിവുകൾ.
ജൂൺ 30ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ ബലത്തിലാണ് അസീസ്സി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനീ സമൂഹത്തിലെ രണ്ടു സിസ്റ്റർമാരെ അറസ്റ്റ് ചെയ്യുകയും ഒമ്പതു ദിവസം തടവിൽ വയ്ക്കുകയും ചെയ്തതെന്ന് 'ദീപിക' പത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയുണ്ടാകുമെന്ന മുൻവിധിയിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് കന്യാസ്ത്രീമാർക്കെതിരേ രാജ്യസുരക്ഷാ നിയമം ചുമത്തിയത്.
സംസ്ഥാനത്തു സാമുദായിക ഐക്യത്തിനും സാഹോദര്യത്തിനും ഭീഷണിയാകുന്നവർക്കെതിരേ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്കെതിരേ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കും. ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ കളക്‌ടർക്ക് ഈ നിയമം ഉപയോഗിക്കാൻ സാധിക്കും.
സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്നതോ അല്ലെങ്കിൽ ആകാൻ പോകുന്നവയോ ആയതിനെക്കുറിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതു പൊതുക്രമസമാധാനത്തെയും സംസ്ഥാനത്തിൻ്റെ സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം.
1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നൽകുന്നു എന്നാണ് ഉത്തരവ്.