നഗര വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ; പാകിസ്ഥാനിൽ ക്രൈസ്തവ സമൂഹം തെരുവിലേക്ക്
 

 
333

ഇസ്ലാമാബാദ്: നഗര വികസന പദ്ധതികളുടെ മറവിൽ ക്രൈസ്തവ കുടുംബങ്ങളെ കൂട്ടത്തോടെ കുടിയിറക്കാൻ നീക്കം. പതിറ്റാണ്ടുകളായി റിംഷ കോളനിയിൽ താമസിക്കുന്ന നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് അധികൃതരുടെ ഉത്തരവോടെ പെരുവഴിയിലാകുന്നത്. ഇതിനെതിരെ സഭാനേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഇരമ്പുകയാണ്.

കുടിയിറക്ക ഭീഷണി നേരിടുന്നവരിൽ ഭൂരിഭാഗവും നഗരത്തിലെ ശുചീകരണ തൊഴിലാളികളും ദിവസവേതനക്കാരുമാണ്. തലമുറകളായി തങ്ങൾ താമസിക്കുന്ന മണ്ണിൽ നിന്നും മതിയായ പുനരധിവാസ പദ്ധതിയൊന്നുമില്ലാതെയാണ് ഇവരെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിതെന്ന് സഭാനേതാക്കൾ ആരോപിച്ചു.

തങ്ങളുടെ ജീവിക്കാനുള്ള അവകാശവും അന്തസ്സും മാനിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ഇസ്‌ലാമാബാദിൽ സമാധാനപരമായ പ്രതിഷേധ ധർണ നടത്തി. ശാസ്ത്രീയമായ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കാതെ ഒരു കുടുംബത്തെയും കുടിയൊഴിപ്പിക്കരുതെന്ന് ക്രൈസ്തവ പ്രതിനിധികൾ സർക്കാരിനോട് അഭ്യർത്ഥിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ വീടില്ലാത്തവരാക്കി മാറ്റുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് നിയമനിർമ്മാതാക്കളും ചൂണ്ടിക്കാട്ടി. പാക് സർക്കാരിന്റെ ഈ നടപടി അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികളെ തെരുവിലേക്ക് തള്ളുന്നതിന് പകരം ഉത്തരവാദിത്തത്തോടും അനുകമ്പയോടും കൂടി സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

Tags

Share this story

From Around the Web