എല്ലാം ദൈവനിയോഗം, പുതുകേരളത്തിനായി ടീം യുഡിഎഫ് സജ്ജം- വി ഡി സതീശൻ

 
v d

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തത്തെ 'ദൈവനിയോഗമായി' കാണുന്നുവെന്ന് വി.ഡി. സതീശൻ. കോൺഗ്രസ് പ്രസ്ഥാനത്തിനും യുഡിഎഫിനും നന്ദി അറിയിച്ച അദ്ദേഹം, വ്യക്തിയേക്കാൾ ഉപരി 'ടീം വർക്കിനാണ്' വരുംദിവസങ്ങളിൽ മുൻഗണന നൽകുകയെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എഐസിസി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും സതീശൻ നന്ദി രേഖപ്പെടുത്തി. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തനിക്ക് ഏറെ പ്രിയപ്പെട്ട നേതാക്കളാണെന്നും കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കെ.സി. വേണുഗോപാൽ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്." മുഖ്യമന്ത്രി പദവിയിലും 'ടീം' എന്ന വാക്കിന് അദ്ദേഹം വലിയ പ്രാധാന്യം നൽകി. പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശൈലിയും നിർവ്വചനവും മാറ്റിയെഴുതുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ ഓരോ ഉറപ്പും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും.

കേരളം ഇപ്പോൾ കടന്നുപോകുന്നത് സങ്കീർണ്ണമായ സാഹചര്യത്തിലൂടെയാണ്. ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്നും എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ യുഗത്തിന്റെ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യുമെന്നും, പുതുകേരളം കെട്ടിപ്പടുക്കാൻ ശക്തമായ ഒരു ടീം തന്റെ കൂടെയുണ്ടാകുമെന്നും പറഞ്ഞാണ് വി.ഡി. സതീശൻ തന്റെ ആദ്യ പ്രതികരണം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web