ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ സാക്ഷികളാകണം: ലെയോ പതിനാലാമൻ മാർപാപ്പ
മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും സുവിശേഷപ്രഘോഷണത്തിന്റെ സജീവ വക്താക്കളാണെന്നും ക്രിസ്തുവിന് വിശ്വസ്തമായ സാക്ഷ്യം വഹിക്കാൻ കടപ്പെട്ടവരാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ നടന്ന പ്രതിവാര പൊതുദർശനവേളയിൽ സംസാരിക്കുകയായിരുന്നു പാപ്പ.
മാമ്മോദീസയിലൂടെ എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ രാജകീയപൗരോഹിത്യത്തിൽ പങ്കുചേരുന്നു. വൈദികരും അത്മായരും ഒരേ മിഷന്റെ ഭാഗമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവ് നൽകുന്ന വിവിധ ദാനങ്ങൾ സഭയുടെ വളർച്ചയ്ക്കും നവീകരണത്തിനുമായി ഉപയോഗിക്കണം. സമർപ്പണജീവിതവും വിവിധ സന്യാസ സമൂഹങ്ങളും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
ദൈവജനത്തിന്റെ ഭാഗമാകാൻ ലഭിച്ച കൃപയ്ക്ക് നന്ദിയുള്ളവരായിരിക്കാനും ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനും വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.