“ഇക്വറ്റോറിയൽ ഗിനിയയിലെ സുവിശേഷവൽക്കരണം തുടരണം”: മിഷനറിമാരുടെ പാത പിന്തുടരാൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം
ഇക്വറ്റോറിയൽ ഗിനിയയുടെ ഹൃദയഭാഗമായ മോംഗോമോയിൽ സന്ദർശനം നടത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, രാജ്യത്തെ മിഷനറി പ്രവർത്തനങ്ങളും സുവിശേഷവൽക്കരണ ദൗത്യങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഏപ്രിൽ 22 ബുധനാഴ്ച രാവിലെയായിരുന്നു മോംഗോമോയിലെ ബസിലിക്കയിൽ നടന്ന ചടങ്ങുകളിൽ മാർപാപ്പ പങ്കെടുത്തത്.
വിമാനമിറങ്ങിയ ശേഷം പോപ്പ് മൊബൈലിൽ യാത്ര ചെയ്ത മാർപാപ്പയെ സെൻട്രൽ ആഫ്രിക്കയിലെ ഏറ്റവും വലിയ ദൈവാലയമായ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ ആയിരക്കണക്കിന് വിശ്വാസികൾ ചേർന്ന് സ്വീകരിച്ചു. കുട്ടികളോടൊപ്പം ചേർന്ന് വർണ്ണാഭമായ ബലൂണുകൾ ആകാശത്തേക്കു പറത്തിയ പാപ്പ, ഇക്വറ്റോറിയൽ ഗിനിയയുടെ പുതിയ തലസ്ഥാനമായ ‘സിറ്റി ഓഫ് പീസ്’ ൽ നിർമ്മിക്കുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മവും നിർവഹിച്ചു.
ബസിലിക്കയിൽ നടന്ന ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽ, രാജ്യത്തെ 170 വർഷം പഴക്കമുള്ള സുവിശേഷവൽക്കരണ ചരിത്രത്തെ മാർപാപ്പ അനുസ്മരിച്ചു. സുവിശേഷത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മിഷനറിമാർ, പുരോഹിതർ, കത്തോലിക്കാ അൽമായർ എന്നിവർക്ക് മാർപാപ്പ നന്ദി പറഞ്ഞു.
“നമ്മുടെ മുൻഗാമികളായ മിഷനറിമാർ വെട്ടിത്തുറന്ന പാതയിലൂടെ നാം യാത്ര തുടരണം. ഈ പ്രതിബദ്ധതയ്ക്ക് സ്ഥിരോത്സാഹവും പരിശ്രമവും ചിലപ്പോൾ ത്യാഗവും ആവശ്യമാണ്. എന്നാൽ, നാം യഥാർഥത്തിൽ ക്രിസ്തുവിന്റെ സഭയാണെന്നതിന്റെ അടയാളം അതാണ്” – മാർപാപ്പ ഓർമ്മിപ്പിച്ചു. സാഹചര്യം എപ്പോഴും അനുകൂലമല്ലെങ്കിൽപ്പോലും ദൈവസ്നേഹത്തിന്റെ കരുത്തിൽ വിശ്വസ്തതയോടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.
ഇക്വറ്റോറിയൽ ഗിനിയയുടെ ഭാവി അവിടത്തെ ജനങ്ങളുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ മാർപാപ്പ, നീതിയിലും സമാധാനത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ ജനങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പറഞ്ഞു. ഓരോ വ്യക്തിയുടെയും അന്തസ്സും ജീവനും സംരക്ഷിക്കപ്പെടണമെന്നും പാപ്പ കൂട്ടിച്ചേർത്തു.