​ലെയോ പാപ്പയുടെ സന്ദർശനം ദൈവത്തിൽ നിന്നുള്ള ആലിംഗനമാണെന്ന് ഇക്വറ്റോറിയൽ ഗിനിയയിലെ ബിഷപ്പുമാർ

 
leo

ഏപ്രിൽ 21 മുതൽ 23 വരെ ഇക്വറ്റോറിയൽ ഗിനിയയിൽ നടക്കാനിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം ദൈവത്തിന്റെ ആലിംഗനവും അനുഗ്രഹീത നിമിഷവുമാണെന്ന് രാജ്യത്തെ കത്തോലിക്കാ മെത്രാൻസമിതി. സന്ദർശനത്തിനു മുന്നോടിയായി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ്പുമാർ ഇപ്രകാരം വ്യക്തമാക്കിയത്.

സന്ദർശനത്തോടനുബന്ധിച്ച്, വൈദികർ തങ്ങളുടെ ആത്മീയജീവിതം ശക്തിപ്പെടുത്തണമെന്നും മെത്രാൻ സമിതി ആഹ്വാനം ചെയ്തു. രാജ്യത്തെ വിശ്വാസികളിൽ കണ്ടുവരുന്ന ആത്മീയതകർച്ച, അഴിമതി, കുടുംബതകർച്ച, യുവാക്കൾ സഭയിൽ നിന്ന് അകലുന്നത് തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ ഈ സന്ദർശനം കരുത്താകും.

അതേസമയം, ​മാലാബോ, മോംഗോമോ, ബാറ്റ തുടങ്ങിയ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കും. വിദ്യാഭ്യാസം, സുവിശേഷവൽക്കരണം, യുവജനങ്ങൾ, കുടുംബം എന്നിവയ്ക്കായിരിക്കും സന്ദർശനത്തിൽ മുൻഗണന നൽകുക.

​1982 ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ ചരിത്രപ്രധാനമായ സന്ദർശനത്തെ അനുസ്മരിച്ച ബിഷപ്പുമാർ, പുതിയ കാലഘട്ടത്തിലെ പ്രതിസന്ധികൾക്കിടയിൽ ലെയോ പതിനാലാമൻ പാപ്പായുടെ വരവ് രാജ്യത്തിന് പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശം നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സന്ദർശനത്തിനായി പ്രാർഥനയോടെ ഒരുങ്ങാൻ സഭ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web