കളമശേരി മാർത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം; സുരക്ഷയും നീതിയും ഉറപ്പാക്കണം: കെസിബിസി

 
kkkd

കൊച്ചി: 45 വർഷമായി കളമശേരി മാർത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയിൽ, കോടതിവിധിയെ മറികടന്ന് 2025 സെപ്തംബർ നാലിന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധർ ആസൂത്രിതമായി ചുറ്റുമതില്‍ തകർത്ത് അതിക്രമിച്ചുകയറുകയും അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമവ്യവസ്ഥിതിക്ക് കളങ്കവുമാണ്.

വൃദ്ധരും രോഗികളുമുൾപ്പെടെയുള്ള സന്യാസിനിമാർ താമസിക്കുന്ന മഠത്തിലേക്കുള്ള വഴിതടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്. ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാർത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാനേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പൊലീസ് സത്വരനടപടികൾ ഉടനടി കൈക്കൊള്ളുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാനും സഭാനേതൃത്വം പ്രത്യേക കരുതലെടുത്തു.

എന്നിട്ടും, മൂന്നാഴ്ചകൾക്കു ശേഷവും അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയോ, കൈയേറ്റത്തിനു പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പൊലീസ്, വിമർശനങ്ങൾ ഉയർന്നുവന്നപ്പോൾ മുഖം രക്ഷിക്കാനായി നാലുപേരെ അറസ്റ്റ് ചെയ്ത് ഉടനെ ജാമ്യത്തില്‍ വിട്ടതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലർത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകൾക്ക് അധികാരികൾ കൂട്ടുനില്‍ക്കരുത്. മാർത്തോമ ഭവനത്തിന്റെമേൽ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും എല്ലാ കൈയേറ്റങ്ങളും പൂർണ്ണമായി ഒഴിപ്പിക്കുകയും വേണം. അതോടൊപ്പം, മാർത്തോമ ഭവനത്തിലെ അന്തേവാസികൾക്ക് സുരക്ഷയും നീതിയും സർക്കാർ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.

ഫാ. തോമസ് തറയിൽ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗിക വക്താവ്, കെസിബിസി/ ഡയറക്ടർ, പിഒസി

Tags

Share this story

From Around the Web