ചന്ദ്രനെ തൊട്ടുരുമ്മി ആർട്ടെമിസ് II, അത്യപൂർവ്വ ദൃശ്യങ്ങൾ പങ്കുവെച്ച് ഇലോൺ മസ്ക്

 
artemis

വാഷിംഗ്ടൺ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ വലംവെക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ലോകം. നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായുള്ള ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിന് തൊട്ടടുത്തെത്തിയതിന്റെ അതിമനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഓറിയോൺ പേടകത്തിലെ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളിൽ ചന്ദ്രനിലെ ഗർത്തങ്ങളും മലനിരകളും അസാധാരണമായ വ്യക്തതയോടെ കാണാം. ഓരോ ഗർത്തത്തിന് മുകളിലൂടെയും പേടകം പറന്നുപോകുന്ന കാഴ്ച അവിശ്വസനീയമാണെന്ന് സംരംഭകനായ മരിയോ നവാഫൽ കുറിച്ചു. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കുമ്പോൾ 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടിരുന്നു. ഇതിനുശേഷം പേടകം വീണ്ടും സിഗ്നലുകൾ അയച്ചുതുടങ്ങുന്ന നിർണ്ണായക നിമിഷവും വീഡിയോയിൽ ദൃശ്യമാണ്.

50 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യർ വീണ്ടും ചന്ദ്രനെ ഭ്രമണം ചെയ്യുന്നത് എന്ന പ്രത്യേകത ഈ ദൗത്യത്തിനുണ്ട്. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ വരാനിരിക്കുന്ന പദ്ധതികളുടെ മുന്നോടിയായാണ് ആർട്ടെമിസ് II വിക്ഷേപിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികർ സഞ്ചരിക്കുന്ന ഓറിയോൺ പേടകം ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുന്നതോടെ ദൗത്യം പൂർത്തിയാകും. 

മനുഷ്യൻ വീണ്ടും അന്യഗ്രഹങ്ങളിലേക്ക് ചേക്കേറുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് ആർട്ടെമിസ് നൽകുന്നതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

Tags

Share this story

From Around the Web