കണ്ണൂർ സെൻട്രൽ ജയിലിലെ ഇലക്ട്രിക് ഫെൻസിങ് പുനസ്ഥാപിക്കും; മൂന്ന് വർഷമായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ
Aug 4, 2025, 09:22 IST

കണ്ണൂർ സെന്റട്രൽ ജയിലിൽ ഇലട്രിക് ഫെൻസിങ് പുനസ്ഥാപിക്കാൻ നടപടി. മൂന്ന് വർഷമായി ഇലക്ട്രിക് ഫെൻസിങ് കണ്ണൂരിൽ പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഡിഐജി നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ആരംഭിച്ചത്. ജയിൽ മേധാവിയായ എഡിജിപി ബലറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
ജയിൽമുറികളിൽ സുരക്ഷാ പരിശോധന ശക്തമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്. അടുത്ത രണ്ട് ആഴ്ചക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ പരിശോധന നടക്കും. സെല്ലുകളിൽ മെറ്റൽ ഡീറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രശ്നസാധ്യതയുള്ള തടവുകാരെ മറ്റു സെല്ലുകളിലേക്ക് മാറ്റാനും നിർദേശം നൽകിയിട്ടുണ്ട്.
വിയൂർ സെൻട്രൽ ജയിലാണ് നിലവിൽ ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്ന ഏക ജയിലെന്ന് കണ്ടെത്തിയതോടെ, കണ്ണൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിപ്പിക്കാൻ ജയിലിൽ മേധാവി നിർദേശം നൽകിയിട്ടുണ്ട്.