‘മുതിർന്നവർ ജനതയുടെ ജ്ഞാനത്തിന്റെ സൂക്ഷിപ്പുകാർ’: അംഗോളയിലെ വൃദ്ധസദനത്തിൽ സ്നേഹസ്പർശമായി ലെയോ പതിനാലാമൻ മാർപാപ്പ

 
Leo papa

മൂന്നു ദിവസത്തെ അംഗോള സന്ദർശനത്തിന്റെ അവസാന ദിനത്തിൽ, ആയുധസംഘർഷങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ വസിക്കുന്ന സൗറിമോയിലെ പൊതു വൃദ്ധസദനം സന്ദർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സമൂഹത്തിലെ ഏറ്റവും ദുർബലരായവരോടുള്ള സഭയുടെ പ്രത്യേക പരിഗണന വ്യക്തമാക്കുന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ ഈ സന്ദർശനം.

അംഗോളൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ‘ലാർ ഡി അസിസ്റ്റൻസിയ പേഴ്സോവ ഇഡോസ–മുവൻഗെജി’ എന്ന സ്ഥാപനത്തിലാണ് മാർപാപ്പ എത്തിയത്. കുടുംബാംഗങ്ങളാൽ ഉപേക്ഷിക്കപ്പെട്ടവരും, മന്ത്രവാദം ആരോപിച്ച് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപ്പെട്ടവരുമായ നിരവധി വയോധികർ ഇവിടെ വസിക്കുന്നുണ്ട്.

തന്നെ സ്വീകരിക്കാനെത്തിയ വയോധികരുടെ വിശ്വാസം നിറഞ്ഞ പെരുമാറ്റം അപ്പസ്തോലിക ദൗത്യത്തിന് വലിയ ആശ്വാസം നൽകുന്നതാണെന്ന് മാർപാപ്പ പറഞ്ഞു. സന്ദർശനവേളയിൽ പോർച്ചുഗീസ് ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ, വയോധികരോടുള്ള പരിചരണം ഒരു രാജ്യത്തിന്റെ സാമൂഹികജീവിതത്തിന്റെ ഗുണനിലവാരം അളക്കുന്ന സൂചികയാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.

“മുതിർന്നവരെ സഹായിക്കുക മാത്രമല്ല, അവരെ ശ്രദ്ധാപൂർവം കേൾക്കുക കൂടി ചെയ്യണം. കാരണം, ഒരു ജനതയുടെ ജ്ഞാനത്തിന്റെ സൂക്ഷിപ്പുകാർ അവരാണ്. സമൂഹത്തിന്റെ നന്മയ്ക്കായി വലിയ ബുദ്ധിമുട്ടുകൾ സഹിച്ചവരാണവർ. അതിനാൽ, നാം അവരോട് നന്ദിയുള്ളവരായിരിക്കണം” – മാർപാപ്പ ഉദ്ബോധിപ്പിച്ചു.

ഈ സ്ഥാപനത്തെ ‘ലാർ’ (കുടുംബം/വീട്) എന്ന് വിളിക്കുന്നത്, തന്നെ സ്പർശിച്ചുവെന്നും അവിടെ ഒരു കുടുംബാന്തരീക്ഷം നിലനിൽക്കണമെന്നും ലെയോ പാപ്പ ആശംസിച്ചു. യേശു തന്റെ സുഹൃത്തുക്കളുടെ വീടുകളിൽ വസിക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അനുസ്മരിച്ചുകൊണ്ട്, പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നിടത്തെല്ലാം ക്രിസ്തു വസിക്കുന്നുണ്ടെന്ന് പറഞ്ഞ് പാപ്പ വയോധികരെ ആശ്വസിപ്പിച്ചു.

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന അന്തേവാസികളെ വ്യക്തിപരമായി അഭിവാദ്യം ചെയ്ത മാർപാപ്പ, അവർക്കൊപ്പം ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥന ചൊല്ലുകയും എല്ലാവരെയും ആശീർവദിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

Tags

Share this story

From Around the Web