വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിൽ, നാഥനില്ലാക്കളരിയായി വകുപ്പ്, മുന്നറിയിപ്പുമായി വി ശിവൻകുട്ടി
 

 
sivankutty

തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. മന്ത്രിതലത്തിലുള്ള ഏകോപനവും ഇടപെടലുകളും ഇല്ലാത്തത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്കൂളുകൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും പൂർണ്ണമായും നിലച്ചിരിക്കുകയാണ്. മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം ഇല്ലാത്തത് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി.

അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിന് കൃത്യമായ ഏകോപനം ആവശ്യമാണ്. നിലവിലെ നിശ്ചലാവസ്ഥ കുട്ടികൾക്ക് പാഠപുസ്തകം ലഭിക്കുന്നത് വൈകാൻ ഇടയാക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ ഭരണപരമായ നേതൃത്വത്തിന്റെ അഭാവം മൂലമാണ്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഇത് അനാവശ്യ സമ്മർദ്ദത്തിലാക്കി.

കേന്ദ്ര സർക്കാർ എസ്എസ്കെ (SSK) ഫണ്ട് നിർത്തലാക്കിയ സാഹചര്യത്തിൽ, മുൻപ് മന്ത്രിതലത്തിൽ നടത്തിയ സജീവ ഇടപെടലുകൾ വഴിയാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയായതോടെ അധ്യാപക പരിശീലനവും ജീവനക്കാരുടെ ആനുകൂല്യങ്ങളും അനിശ്ചിതത്വത്തിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web