ഇഡിക്ക് കൂടുതൽ കരുത്ത്, 15 വർഷത്തിന് ശേഷം കേഡർ പുനസംഘടന, 1,200ലധികം പുതിയ തസ്തികകൾക്ക് കേന്ദ്രാനുമതി

 
ed

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൺകരുത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വൻ കേഡർ പുനസംഘടനയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇഡിയുടെ വിവിധ വിഭാഗങ്ങളിലായി ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 60 ശതമാനത്തോളം വർധനവാണ് കേന്ദ്രം വരുത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 1,200-ലധികം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ബുധനാഴ്ച കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. 2011-ന് ശേഷം ഇതാദ്യമായാണ് ഇഡിയിൽ ഇത്രയും വലിയ തോതിൽ കേഡർ പുനസംഘടന നടക്കുന്നത്.

പുതിയ ഉത്തരവോടെ രാജ്യവ്യാപകമായി ഇഡി ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലുള്ള 2,029-ൽ നിന്നും 3,256 ആയി ഉയരും. എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി ആൻഡ് സപ്പോർട്ട് സ്റ്റാഫ് എന്നിങ്ങനെ ആറ് കേഡറുകളിലാണ് പുതിയ നിയമനങ്ങൾ നടക്കുക.

അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 803 പേരെയും എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 606 പേരെയും അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റ് തസ്തികയിൽ 531 പേരെയുമാണ് പുതിയതായി നിയമിക്കുക. എൻഫോഴ്സ്മെൻ്റ് അഡീഷണൽ ഡയറക്ടർമാരുടെ എണ്ണം പത്തിൽനിന്ന് 24 ആയി കൂട്ടും. കൂടാതെ, ജോയിൻ്റ് ഡയറക്ടർമാരുടെ എണ്ണം 28ൽനിന്ന് 49 ആയും വർധിപ്പിക്കും. അതേസമയം ഡയറക്ടർ, സ്പെഷ്യൽ ഡയറക്ടർ എന്നീ തസ്തികകളിലെ എണ്ണം യഥാക്രമം, ഒന്ന്, ഏഴ് എന്നിങ്ങനെ തന്നെ തുടരും.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA), സാമ്പത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിടുന്നവർക്കെതിരെയുള്ള നിയമം (FEOA) എന്നീ രണ്ട് കർശനമായ ക്രിമിനൽ നിയമങ്ങളും, വിദേശനാണ്യ വിനിമയ ചട്ടത്തിലെ (FEMA) സിവിൽ വകുപ്പുകളുമാണ് ഇഡി കൈകാര്യം ചെയ്യുന്നത്. 70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഏജൻസിക്ക് പുതിയ നിയമനങ്ങൾ പൂർത്തിയാകുന്നതോടെ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അന്വേഷണം കൂടുതൽ വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
 

Tags

Share this story

From Around the Web