ദൈവത്തിന്റെ കണ്ണുകളിൽ നാം ഓരോരുത്തരും വിലപ്പെട്ടവർ: ലെയോ പതിനാലാമൻ പാപ്പ
ലൗകികമായ പ്രശസ്തിക്കും അംഗീകാരങ്ങൾക്കും പിന്നാലെ പോകാതെ ഓരോ മനുഷ്യനും ദൈവത്തിന്റെ കണ്ണുകളിൽ എത്രത്തോളം വിലപ്പെട്ടവരാണെന്ന് തിരിച്ചറിയണമെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മധ്യാഹ്ന പ്രാർഥനയ്ക്കിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
സ്നാപക യോഹന്നാൻ യേശുവിനെ ‘ദൈവത്തിന്റെ കുഞ്ഞാട്’ എന്ന് വിളിക്കുന്ന സുവിശേഷ ഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പയുടെ സന്ദേശം. ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നിട്ടും യേശുവിനായി വഴിമാറിക്കൊടുത്ത സ്നാപക യോഹന്നാന്റെ വിനയത്തെ നാം മാതൃകയാക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
പ്രശസ്തിയോ അംഗീകാരങ്ങളോ നൽകുന്ന താത്കാലിക സന്തോഷത്തിന് പിന്നാലെ പോകുന്നത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരാണ് നമ്മളെന്ന തിരിച്ചറിവാണ് യഥാർഥ സന്തോഷം നൽകുന്നതെന്നും പാപ്പ വെളിപ്പെടുത്തി. നമ്മുടെ കുറവുകളിലും പ്രയാസങ്ങളിലും പങ്കുചേരാനും നമ്മുടെ ഭാരങ്ങൾ ഏറ്റെടുക്കാനുമാണ് ദൈവം വരുന്നത്. ആ സാമീപ്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ പരിശുദ്ധ മറിയത്തിന്റെ മാതൃക പിന്തുടരണമെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.