മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

 
kerala nuns

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് അപ്പീല്‍ നല്‍കിയത്. ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ആണ് സഭയും കുടുംബവും.

ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലില്‍ എത്തി കാണും. രാവിലെ 9 മണിക്കാണ് സന്ദര്‍ശന സമയം. ഇന്നലെ സംഘം എത്തിയിരുന്നെങ്കിലും സമയ പരിധി ചൂണ്ടിക്കാണിച്ചു ജയില്‍ അധികൃതര്‍ അകത്തു കയറ്റിയില്ല. വെള്ളിയാഴ്ചയാണ് സിസ്റ്റര്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ഇന്നലെ യുഡിഎഫ് എംപിമാര്‍ കന്യാസ്ത്രീകളെ കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇതോടെ ജയില്‍ കവാടത്തിനു മുന്‍പില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു. പിന്നാലെ, ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം ഇടപെട്ടതോടെ കന്യാസ്ത്രീകളെ കാണാന്‍ രണ്ടുമണിയോടെ അനുമതി നല്‍കി. എന്‍.കെ.പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, റോജി എം.ജോണ്‍, സി. പ്രീതിയുടെ സഹോദരന്‍ ബൈജു എന്നിവര്‍ കന്യാസ്ത്രീകളെ കണ്ടു.

പിന്നാലെയാണ് ഇടത് പ്രതിനിധി സംഘം ജയില്‍ വളപ്പില്‍ എത്തിയത്. സമയം വൈകിയെന്ന കാരണത്താല്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ജയില്‍ സൂപ്രണ്ട്. തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായി. ഒടുവില്‍ നാളെ രാവിലെ 9 മണിക്ക് അനുമതി നല്‍കാമെന്ന് അറിയിച്ചതോടെ ഇടത് സംഘം മടങ്ങി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരം ഛത്തീസ്ഗഡിലെത്തിയ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായും ആഭ്യന്തരമന്ത്രി വിജയ് ശര്‍മയുമായും കൂടിക്കാഴ്ച നടത്തി. നീതിപൂര്‍വവും പ്രതീക്ഷാപരവുമായ നടപടികള്‍ ഉണ്ടാകുമെന്നും അതുവരെ ഛത്തീസ്ഗഡില്‍ തുടരുമെന്നും അനൂപ് ആന്റണി പറഞ്ഞു.

Tags

Share this story

From Around the Web