മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാളും സഭാദിനാഘോഷവും, മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ മുഖ്യകാർമികനാകും

കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ 3 -ന് സീറോമലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദുക്‌റാനതിരുനാള്‍ ആചരണവും സീറോമലബാര്‍സഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു.
രാവിലെ 9 -ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കും.
11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാര്‍സഭയിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈ ദിക-അല്മായ-സമര്‍പ്പിത പ്രതിനിധികള്‍ പങ്കെടുക്കും. സീറോമലബാര്‍ സഭാംഗവും ഹൃദ്രോഗ വിദഗ്ധനുമായ പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനെ ആദരിക്കും.
സീറോമലബാര്‍സഭ 2026 സമുദായ ശാക്തീകരണവര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമുദായശാക്തീകരണ കര്‍മപദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിക്കും.
മാര്‍തോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓര്‍മ്മയും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്‌കാരവുമായി ദുക്‌റാനതിരുനാളാചരണവും സഭാദിനാഘോഷവും മാറുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.