പരസ്യമദ്യപാനം; കൊടി സുനിക്കെതിരെ കേസെടുത്തു

കണ്ണൂര്‍: പരസ്യമായി മദ്യപിച്ച സംഭവത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. കൊടി സുനി എന്ന സുനില്‍ കുമാര്‍, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് തലശ്ശേരി പൊലീസാണ് കേസെടുത്തത്. ഇവര്‍ക്ക് മദ്യം എത്തിച്ചുനല്‍കിയ കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരള അബ്കാരി നിയമത്തിലെ 15(സി), 63 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാഹി ഇരട്ടക്കൊലക്കേസില്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും ഷിനോജും. ജൂണ്‍ പതിനേഴിന് കേസിലെ വിചാരണയുടെ ഭാഗമായി തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി മൂന്നില്‍ ഹാജരാക്കിയിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം തിരികെ പോകുന്നതിനിടെ പ്രതികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നതിനായി വിക്ടോറിയ ഹോട്ടലിന് സമീപം പൊലീസ് വാഹനം നിര്‍ത്തി.
ഇതിനിടെയാണ് പ്രതികള്‍ മദ്യപിച്ചത്. കാറിലെത്തിയ സംഘമാണ് മദ്യം എത്തിച്ചുനല്‍കിയത്. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണം നടക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്തെ പൊലീസുകാരായ ജിഷ്ണു, വൈശാഖ്, വിനീഷ് എന്നിവര്‍ക്കെതിരെയായിരുന്നു നടപടി.