കഴിഞ്ഞ ഒരുമാസത്തിനിടെ റുവാണ്ട സാധാരണക്കാരായ ആയിരത്തിലധികം പേരെ കൊന്നതായി ഡിആർസി
കഴിഞ്ഞ വർഷം ഡിസംബർ മുതൽ റുവാണ്ടയുടെ പിന്തുണയുള്ള എം23 സൈന്യം നടത്തിയ ആക്രമണങ്ങളിൽ സാധാരണക്കാരായ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ. അതേസമയം, റുവാണ്ട എം23 വിമതരെ പിന്തുണയ്ക്കുന്നുവെന്നും ഡിആർസി ആരോപിച്ചു.
“ഡിസംബറിന്റെ തുടക്കം മുതൽ റുവാണ്ടൻ പിന്തുണയോടെ നടത്തിയ ബോംബുകളുടെയും ഡ്രോണുകളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 1,500 ൽ കൂടുതലാണ്” – ബുധനാഴ്ച ഡിആർസി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, റുവാണ്ട ഇത് നിഷേധിച്ചു.
ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഡിസംബർ രണ്ടിന് ഏറ്റവും പുതിയ ആക്രമണം ആരംഭിച്ചതിനു ശേഷം, ഡിസംബർ പത്തിന് സായുധസംഘം ഉവിറ പിടിച്ചെടുത്തു. അതോടൊപ്പം ഡിആർസിയുടെ സഖ്യകക്ഷിയായ ബുറുണ്ടിയുമായി കര അതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തു.
2021 ൽ നൂറ് അംഗങ്ങൾ മാത്രമുണ്ടായിരുന്ന എം23 വിമതഗ്രൂപ്പിന് റുവാണ്ടയുടെ പിന്തുണ ലഭിച്ചതായി കോംഗോ, യുഎസ്, യുഎൻ വിദഗ്ധർ ആരോപിക്കുന്നു. അതേസമയം, പിന്തുണ വർധിച്ചതോടെ ഈ ഗ്രൂപ്പിൽ ഇപ്പോൾ ഏകദേശം 6,500 അംഗങ്ങൾ ഉള്ളതായാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.