പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ, നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിയുടെ അരികിലെത്തി

സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പരാതിക്കാരനായ ഒരു വ്യക്തി മാധ്യമപ്രവർത്തകനെന്ന പേരിൽ ഡിജിപിയുടെ അരികിലെത്തി തൻ്റെ പരാതിയിൽ നടപടിയാവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി.
ഈ പരാതിക്കാരൻ ആരാണെന്നോ, എന്തായിരുന്നു ഇദ്ദേഹത്തിൻ്റെ ആവശ്യമെന്നോ വ്യക്തമായിട്ടില്ല. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിൻ്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. പരാതി പരിശോധിക്കാമെന്നാണ് വാർത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖർ ഇദ്ദേഹത്തിന് മറുപടി നൽകിയത്.
പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരൻ വാർത്താസമ്മേളനം നടന്ന ഹാളിലേക്ക് രംഗപ്രവേശം ചെയ്തത് .
സംസ്ഥാന പൊലിസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാഡ ചന്ദ്രശേഖർ സംസാരിച്ചത്.
ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ നടപടിയുണ്ടാകും.സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങൾക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.