കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ; രജിസ്ട്രാർ സർവകാലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കി വിസിയുടെ നോട്ടീസ്, സസ്പെൻഷൻ നിലനിൽക്കെ അനിൽകുമാറിന്റെ നടപടികൾ ചട്ടവിരുദ്ധമെന്ന് വി.സി

 
www

കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ. രജിസ്ട്രാർ സർവകാലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കി വൈസ് ചാൻസലർ സിസ തോമസ്. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് വിസി നോട്ടീസ് നൽകി. സസ്പെൻഷൻ നിലനിൽക്കെ അനിൽകുമാറിന്റെ നടപടികൾ ചട്ടവിരുദ്ധമെന്ന് നോട്ടീസിൽ പറയുന്നു.

അച്ചടക്ക നടപടികൾക്ക് വിധേയനാക്കുമെന്നും വിസിയുടെ നോട്ടീസിൽ പറയുന്നുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സിൻഡിക്കേറ്റ് നടപടിയിൽ എതിര്‍പ്പുണ്ടെങ്കില്‍ നിയമന അതോറിറ്റിയെ സമീപിക്കാമെന്ന കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

അതേസമയം വിലക്ക് മറി കടന്ന് സർവകലാശാലയിൽ എത്താനാണ് അനിൽകുമാറിൻ്റെ തീരുമാനം. കഴിഞ്ഞ ദിവസം അനിൽകുമാർ വഴിയെത്തുന്ന ഫയലുകൾ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടും വി.സി സ്വീകരിച്ചിരുന്നു.. ഫയലുകൾ നേരിട്ട് അയക്കാനും വിസി നിർദേശിച്ചു.

സംഭവത്തിൽ ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന എസ്എഫ്ഐ പ്രതിഷേധത്തിൽ വിസി ഡിജിപിക്ക് പരാതി നൽകി.

സർവകലാശാല ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയതായും നാശനഷ്ടങ്ങൾ വരുത്തിയതായും ചൂണ്ടിക്കാണിച്ചാണ് പരാതി. സർവകലാശാല മാർച്ചിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.

സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സംസ്ഥാനത്തെ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് എസ്എഫ്ഐ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയത്. വൻ സംഘർഷമാണ് മാർച്ചിൽ ഉണ്ടായത്.

കേരള സർവകലാശാലയിൽ പൊലീസിനെ നിഷ്ക്രിയരാക്കി ബാരിക്കേഡ് കടന്ന് എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിന് അടുത്തേക്ക് ഇരച്ചുകയറി. കണ്ണൂർ, കാലിക്കറ്റ്, എംജി സർവകലാശാല ആസ്ഥാനങ്ങളിലേക്കും വൻ പ്രതിഷേധമുണ്ടായിരുന്നു.

Tags

Share this story

From Around the Web