ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപത മെത്രാനായി 12 ന് അഭിഷേകം ചെയ്യും

ജലന്ധര്‍ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ സ്ഥാനാരോഹണം ജൂലൈ 12 ശനിയാഴ്ച നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും.
ജലന്ധര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും. ഷിംല-ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തദേവൂസ് തോമസ് വചന സന്ദേശം നല്‍കും.
ഉച്ചകഴിഞ്ഞ് 1.30 ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍, നിയുക്ത ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഡല്‍ഹിയിലെ വത്തിക്കാന്‍ നുണ്‍ഷ്യേച്ചറിലെ കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബിയോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ജലന്ധര്‍ ജയ് റാണി പ്രോവിന്‍സിലെ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് മേരി പീടികതടത്തില്‍ എസ്എബിഎസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി എന്നിവര്‍ പ്രസംഗിക്കും. ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ മറുപടിപ്രസംഗം നടത്തും.
1971-ലാണ് ജലന്ധര്‍ രൂപത സ്ഥാപിതമായത്. പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചല്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്ന ജലന്ധര്‍ രൂപതയില്‍ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്.