മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പുകളിലും ഉപകരണ ക്ഷാമം ഉണ്ടെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ, ഭയം കാരണം വകുപ്പു മേധാവികൾ ഇത് പുറത്തു പറയാറില്ല. ആരോപണത്തിൽ ഉറച്ച് ഡോക്ടർ ഹാരിസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമമുണ്ടെന്ന് ആവർത്തിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഉപകരണക്ഷാമത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികൾ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ സെക്രട്ടറിയെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും ഡോ. ഹാരിസ് ആരോപിക്കുന്നു. എല്ലാ വകുപ്പുകളിലും ഉപകാരണക്ഷാമം ഉണ്ടെന്നാണ് ഡോ. ഹാരിസ് പറയുന്നത്.
വിവാദമുണ്ടാക്കണമെന്ന് കരുതിയല്ല താൻ പോസ്റ്റിട്ടത്. തുറന്നുപറയാൻ തനിക്കും ഭയമുണ്ടായിരുന്നു. തുടർന്ന് ഉപകരണങ്ങൾ വാങ്ങിയ ശേഷം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയുമെന്നും ഡോ. ഹാരിസ് ചോദിച്ചു.
പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹവും മുന്നോട്ടുവെച്ചു. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.