രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാൻ തയാറാകുന്നില്ല; ബിജെപിക്കെതിരെ ദീപിക മുഖപ്രസംഗം

രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക ദിനപത്രം ദീപിക. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബി.ജെ.പി കച്ചക്കെട്ടിയിരിക്കുന്നതെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബി.ജെ.പി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നു.
വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബി.ജെ.പി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്.
രാജ്യത്ത് തീർത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നില്ല.
സാമൂഹിക സേവനത്തെ മതപരിവർത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചു കൊണ്ട് ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാമെന്ന അജൻഡ മാത്രമാകും ഇവർക്കു മുന്നിലുള്ളത്.
ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച കിരാത മതപരിവർത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.
അനധികൃതമായി പള്ളികൾ നിർമിക്കുക എന്നത് കത്തോലിക്കാ സഭയുടെ അജൻഡയിലുള്ള പ്രവൃത്തിയല്ല. മറ്റു ക്രൈസ്തവ വിഭാഗങ്ങളുൾപ്പെടെ ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുകയോ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയോ ചെയ്താൽ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവിൽ തന്നെ നിയമങ്ങളുണ്ട്.
അതുപോരെന്നും പല സംസ്ഥാനങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മതപരിവർത്തന നിരോധന നിയമം കൂടുതൽ കർക്കശമായി നടപ്പാക്കണമെന്നും വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വച്ചാണെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.
ബി.ജെ.പി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. 2024ൽ മാത്രം 834 ആക്രമണങ്ങൾ. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് 835ല്‍ അധികം എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
1,682 പേർ അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ എന്നും മുഖപ്രസംഗം ചോദിക്കുന്നു.