അറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്ന ആശങ്ക വേണ്ട!, ഇനി ഓട്ടോപേ ഒരുമിച്ച് കാണാം; അറിയാം യുപിഐ ഹെല്‍പ് സംവിധാനം

 
upi

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കുന്നതിന് എഐ അധിഷ്ഠിത അസിസ്റ്റന്റ് ആയ യുപിഐ ഹെല്‍പ്പിന് തുടക്കമിട്ട് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.

ഓട്ടോപേ വഴി അനാവശ്യമായി പണം നഷ്ടപ്പെടുന്നത് തടയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് പുതിയ സംവിധാനം. upihelp.npci.org.in എന്ന പോര്‍ട്ടലിലൂടെ വരിക്കാര്‍ക്ക് തങ്ങളുടെ ഓട്ടോപേ സബ്സ്‌ക്രിപ്ഷനുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.

യുപിഐ ഇടപാടുകള്‍ക്കിടയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ഇത് സഹായിക്കും. ഉപയോക്താക്കള്‍ക്ക് ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും പരാജയപ്പെട്ടതോ അല്ലെങ്കില്‍ പെന്‍ഡിങ് ആയി കിടക്കുന്നതോ ആയ പേയ്മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും യുപിഐ ഹെല്‍പ് വഴി സാധിക്കും. യുപിഐ തര്‍ക്ക പരിഹാര (UDIR) ചട്ടക്കൂടിന് കീഴില്‍ വേഗത്തിലുള്ള തര്‍ക്ക പരിഹാരം സാധിക്കുന്നതിന് സിസ്റ്റം ബാങ്കുകളുമായി ആശയവിനിമയം നടത്തിയാണ് പ്രശ്‌നം പരിഹരിക്കുന്നത്.

ആവര്‍ത്തിച്ചുള്ള പേയ്മെന്റുകളും (റിക്കറിങ് പേയ്‌മെന്റുകള്‍) ഓട്ടോ-പേ മാന്‍ഡേറ്റുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സവിശേഷതയും ഇത് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ എല്ലാ ആക്റ്റീവ് ഓട്ടോപേ മാന്‍ഡേറ്റുകളും ഒരൊറ്റ സ്ഥലത്ത് കാണാന്‍ സാധിക്കും. ഏതെങ്കിലും യുപിഐ ആപ്പിലെ 'മാനേജ് ബാങ്ക് അക്കൗണ്ട്‌സ്' (Manage bank accounts) വഴിയോ അല്ലെങ്കില്‍ പ്രത്യേക ഓട്ടോപേ വിഭാഗം വഴിയോ ഇത് പരിശോധിക്കാം. ഒക്ടോബര്‍ 7ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, യുപിഐ നെറ്റ്വര്‍ക്ക് അംഗങ്ങള്‍ ഡിസംബര്‍ 31നകം പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കണം. നിലവിലുള്ള മാന്‍ഡേറ്റുകള്‍ അതുവരെ തുടരും.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മറ്റും ഉപയോക്താക്കള്‍ അറിയാതെ തന്നെ റിക്കറിങ് പേയ്മെന്റുകള്‍ (ആവര്‍ത്തിച്ചുള്ള പണമിടപാടുകള്‍) ആക്റ്റിവേറ്റ് ചെയ്യപ്പെടുന്ന 'ഡാര്‍ക്ക് പാറ്റേണുകള്‍' തടയുന്നതിന്റെ ഭാഗമായാണ് എന്‍പിസിഐയുടെ ഈ നിര്‍ണായക നീക്കം. ഒരു യുപിഐ ആപ്പില്‍ സെറ്റ് ചെയ്തിരിക്കുന്ന ഓട്ടോപേ മാന്‍ഡേറ്റ് മറ്റൊരു ആപ്പിലേക്ക് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും. അതുപോലെ തന്നെ, വ്യാപാരികള്‍ക്കും പേയ്മെന്റ് പ്രൊവൈഡര്‍മാരെ മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്.

പലപ്പോഴും ഓട്ടോപേ സംവിധാനം സെറ്റ് ചെയ്യുന്നത് പിന്നീട് മറന്നുപോകാനിടയുണ്ട്. ഉദാഹരണത്തിന് ഒരു ഒടിടി സേവനം ഉപയോഗിക്കുന്നത് നിര്‍ത്തിയാലും ഓട്ടോപേ റദ്ദാക്കാത്തതിനാല്‍ പ്രതിമാസമോ പ്രതിവര്‍ഷമോ നമ്മളറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പോകാം. ഒന്നിലേറെ യുപിഐ ആപ്പുകള്‍ പലതും ഉപയോഗിക്കുന്നതിനാല്‍ ഓട്ടോപേ ഏതിലൊക്കെ സെറ്റ് ചെയ്തുവെന്ന് കണ്ടുപിടിക്കുകയും എളുപ്പമായിരിക്കില്ല. യുപിഐ ഹെല്‍പ് വഴി വിവിധ ആപ്പുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഓട്ടോ പേ മാന്‍ഡേറ്റ് ഒരുമിച്ച് കാണാനും മാനേജ് ചെയ്യാനും കഴിയും.

Tags

Share this story

From Around the Web