എല്ലാം മേയറുടെ തലയിൽ ചാരാമെന്ന് കരുതേണ്ട,രാഷ്ട്രീയ പക്വത നിലനിർത്തിയായിരുന്നു ആര്യയുടെ പ്രവർത്തനം- ആര്യാ രാജേന്ദ്രനെ പിന്തുണച്ച് വി. ശിവൻകുട്ടി

 
sivankutty arya

തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി. ആര്യക്ക് എതിരെ ഗായത്രി ബാബു ഉയർത്തിയ വിമർശനങ്ങൾ മന്ത്രി തള്ളി. തോൽവിയുടെ എല്ലാ കാരണവും മേയറുടെ തലയിൽ ചാരാമെന്ന് കരുതേണ്ടെന്നും രാഷ്ട്രീയ പക്വത നിലനിർത്തിയായിരുന്നു ആര്യയുടെ പ്രവർത്തനം എന്നും മന്ത്രി പറഞ്ഞു.

ഗായത്രി ബാബുവിൻ്റെ നിലപാട് വ്യക്തിപരമാണെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അത് പാർട്ടിയുടെ അഭിപ്രായമല്ല. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു ആര്യ പ്രചാരണത്തിന് എത്താതിരുന്നത്. ആര്യയുടെ പ്രവർത്തനം സംബന്ധിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എംഎം മണിയുടെ പ്രസ്താവനയിലും വി. ശിവൻകുട്ടി പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ ശൈലിയിൽ പറഞ്ഞതാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നെന്നുമാണ് മന്ത്രിയുടെ പക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ, ഇതിലും വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. ജനകീയ പ്രവർത്തനങ്ങൾ മാത്രം വോട്ടാകുമെന്ന വിശ്വാസം തെറ്റായിരുന്നു. കൂടുതൽ ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും വി. ശിവൻകുട്ടി.

Tags

Share this story

From Around the Web