കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കേണ്ട, ഇത് വെള്ളരിക്കാ പട്ടണമല്ല; സിപിഎം ബഹിഷ്കരണത്തില്‍ പ്രതികരിച്ച് പി.കെ ശശി

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന പി.കെ ശശിയും പാർട്ടിയും കൂടുതൽ അകലുന്നു. പി. കെ ശശി വിഭാഗത്തിന്റെ സഹകരണ ബാങ്ക് ഉദഘാടനത്തിൽ നിന്ന് കെ.ശാന്തകുമാരി എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടു നിന്നു. കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പി.കെ ശശി പാർട്ടിക്ക് മറുപടി നൽകി.
കുറച്ച് കാലമായി സിപിഎം വേദികളിൽ പി.കെ ശശി എത്താറില്ല . പാർട്ടി ശശിയെ ബഹിഷ്ക്കരിച്ചതിന് തുല്യമാണ് കാര്യങ്ങൾ. കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി പി.കെ ശശിയെ അനുകൂലിക്കുന്നവരാണ് ഭരിക്കുന്നത്. കെ. ശാന്തകുമാരി എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്.
പരിപാടിയിൽ പങ്കെടുക്കരുതെന്ന് സിപിഎം നിർദ്ദേശം ലഭിച്ചതോടെ ശാന്തകുമാരി എംഎൽ എ,കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സതീരാമരാജൻ അടക്കം പാർട്ടി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ നിന്നും വിട്ടു നിന്നു. കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കേണ്ടതില്ലെന്നും , ഇത് വെള്ളരിക്ക പട്ടണമല്ലെന്നുമാണ് പി.കെ ശശി സിപിഎം ബഹിഷ്കരണത്തോട് പ്രതികരിച്ചത്.
ഇത് അവസാന വെള്ളിയാഴ്ചല്ലെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണമെന്നും പാപത്തിൻ്റെ ശിക്ഷ എന്താണെന്ന് ബൈബിൾ നോക്കി പഠിക്കണമെന്നും പി. കെ ശശി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശിയും സിപിഎമ്മും കൂടുതൽ അകലുകയാണ്.