‘മറക്കരുത്... ക്രൈസ്തവ വിശ്വാസത്തിനെതിരെ പുലഭ്യം പറഞ്ഞത് ബി.ജെ.പി പ്രവർത്തകർ’; കന്യാസ്ത്രീകളുടെ മോചനത്തിൽ സന്ദീപ് വാര്യർ

കോഴിക്കോട്: ചത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ ജയിൽ മോചിതരായതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വക്താന് സന്ദീപ് വാര്യർ. ക്രൈസ്തവ വിശ്വാസത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പുലഭ്യം പറഞ്ഞത് ബി.ജെ.പിക്കാരാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒന്നാം ദിവസം മുതൽ സമരരംഗത്തുള്ളത് കോൺഗ്രസ് ആണ്. പ്രതിനിധി സംഘത്തെ ആദ്യം തന്നെ അയച്ചതും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടതും യു.ഡി.എഫ് ആണെന്നും സന്ദീപ് വാര്യർ എഫ്.ബി. പോസ്റ്റിൽ സന്ദീപ് വാര്യർ വ്യക്തമാക്കി.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ആൾക്കൂട്ട വിചാരണ നടത്തിയത് ബജ്റംഗ്ദൾ, കേസെടുത്തത് ബിജെപി സർക്കാർ, അറസ്റ്റ് ചെയ്തത് ബിജെപി സർക്കാരിന്‍റെ പോലീസ്, മനുഷ്യക്കടത്തുകാർ എന്ന് ആക്ഷേപിച്ചത് ബിജെപി മുഖ്യമന്ത്രി, കേരളത്തിൽ അറസ്റ്റിനെ ന്യായീകരിച്ചത് കെ സുരേന്ദ്രൻ, ശശികല ടീച്ചർ, ആർ വി ബാബു അടക്കമുള്ള നേതാക്കൾ. ക്രൈസ്തവ വിശ്വാസത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പുലഭ്യം പറഞ്ഞത് ബിജെപി പ്രവർത്തകർ.
ഒന്നാം ദിവസം മുതൽ സമര രംഗത്തുള്ളത് കോൺഗ്രസ്. പ്രതിനിധി സംഘത്തെ ആദ്യം തന്നെ അയച്ചത് യുഡിഎഫ്. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത് യുഡിഎഫ്, ഉറപ്പുവാങ്ങിയത് യുഡിഎഫ് എംപിമാർ.
മറക്കരുത്....
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ശനിയാഴ്ചയാണ് മലയാളി കന്യാസ്ത്രീകൾക്ക് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരാണ് ജയിൽ മോചിതരായത്.
മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഛത്തിസ്ഗഢ് പൊലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.