വിശ്വാസം കൈമാറുന്നതിൽ കാലതാമസം വരുത്തരുത്: മാമ്മോദീസ നല്‍കുന്നതിനിടെ മാതാപിതാക്കളോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: നവജാതശിശുക്കള്‍ക്ക് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ നമ്മൾ വിടാറില്ല എന്നതുപോലെ, വിശ്വാസം കൈമാറുന്നതിൽ കാലതാമസം വരുത്തരുതെന്നു ലെയോ പാപ്പ. ജനുവരി 11ന് സിസ്റ്റൈൻ ചാപ്പലില്‍ ഇരുപതോളം കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയ ശേഷം മാതാപിതാക്കളോട് സംസാരിക്കുകയായിരിന്നു പാപ്പ.
നിങ്ങൾ ഇപ്പോൾ കൈകളിൽ പിടിച്ചിരിക്കുന്ന കുട്ടികൾ പുതിയ സൃഷ്ടികളായി രൂപാന്തരപ്പെടുകയാണെന്നും അവർ നിങ്ങളിൽ നിന്ന് ജീവൻ സ്വീകരിച്ചതുപോലെ, ഇപ്പോൾ അവർക്ക് അത് ജീവിക്കാനുള്ള കാരണമായ വിശ്വാസം ലഭിക്കുകയാണെന്നും മാതാപിതാക്കളോടും ജ്ഞാനസ്നാന മാതാപിതാക്കളോടും പാപ്പ പറഞ്ഞു.
ജീവിതത്തിന് ഭക്ഷണവും വസ്ത്രവും ആവശ്യമാണെങ്കിൽ, വിശ്വാസം അതിലും അധികമായി ആവശ്യമാണെന്നും കാരണം ദൈവീക ജീവനാണ് രക്ഷ കണ്ടെത്തുവാന്‍ സഹായിക്കുന്നതെന്നും പാപ്പ പറഞ്ഞു.
വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വിവിധ വ്യക്തികളുടെ മക്കള്‍ക്കാണ് യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും മാര്‍പ്പാപ്പ ജ്ഞാനസ്നാനം നല്‍കാറുള്ളത്.
വത്തിക്കാൻ ജീവനക്കാരുടെ കുട്ടികളെ സ്നാനപ്പെടുത്തുന്ന പാരമ്പര്യം 1981ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആരംഭിച്ചത്. ലെയോ പാപ്പ മാര്‍പാപ്പയായതിന് ശേഷം ഇത്തരത്തില്‍ നടത്തുന്ന ആദ്യ പൊതു മാമ്മോദീസയാണിത്.