'വിഡ്ഢിയെന്ന് വിളിക്കരുത്, എന്നെ മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ'; വിവാദ പ്രസ്താവനയുമായി വീണ്ടും ട്രംപ്

 
donald trump

ന്യൂയോര്‍ക്ക് : വീണ്ടും വിവാദ പ്രസ്താവനയിലൂടെ ശ്രദ്ധനേടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ 'വിഡ്ഢി'യെന്നു വിളിക്കുന്നതാണ് ഏറ്റവും വെറുപ്പുള്ള ആരോപണമെന്ന് ന്യൂയോര്‍ക്കില്‍ അനുയായികളോട് സംസാരിക്കവെ, ട്രംപ് പറഞ്ഞു. പകരം മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അമേരിക്കയിലെ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും ചര്‍ച്ചചെയ്യാനായി സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. 'നിങ്ങള്‍ കണ്ടതില്‍വെച്ച് ഏറ്റവും ബുദ്ധിമാനായ ആളാണ് ഞാന്‍. ഏറ്റവും ബുദ്ധിയുള്ള ആള്‍ നിങ്ങളുടെ പ്രസിഡന്റ് ആയിരിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?' എന്നും ട്രംപ് ജനക്കൂട്ടത്തോട് ചോദിച്ചു.

തന്റെ മാനസികനിലയെ ചോദ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങളോടും ട്രംപ് പ്രതികരിച്ചു. "അവര്‍ എന്നെ 'വിഡ്ഢി'എന്നു വിളിച്ചു. അതാണ് എനിക്ക് ഏറ്റവും മോശമായി തോന്നിയത്. അതിനു പിറകേ തന്റെ ഡോക്ടറോട് ബുദ്ധിശേഷി തെളിയിക്കാന്‍ പരീക്ഷയുണ്ടോ എന്ന് ചോദിച്ചു. ഡോക്ടര്‍ എനിക്ക് 'കോഗ്‌നിറ്റീവ് ടെസ്റ്റ്' നിര്‍ദേശിക്കുകയും, ഞാന്‍ ആ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു": റാലിക്കിടെ ട്രംപ് പറഞ്ഞു.

ഇതിനു മുന്‍പ് ഏതെങ്കിലും അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ പരീക്ഷ വിജയിച്ചിട്ടുണ്ടോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്നും ട്രംപ് പറഞ്ഞു. കോഗ്‌നിറ്റീവ് പരീക്ഷകളില്‍ താന്‍ 'മൂന്നു തവണ മികച്ച വിജയം നേടിയെന്ന്' അവകാശപ്പെട്ട ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്കെല്ലാം ഇത്തരം പരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്നും അഭിപ്രായപ്പെട്ടു.

Tags

Share this story

From Around the Web