തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നായ കടിച്ചു; നാടകത്തിൻ്റെ ഭാഗമെന്ന് കരുതി കാണികൾ
Oct 6, 2025, 10:54 IST

കണ്ണൂർ: കണ്ടക്കൈയിൽ തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നായ കടിച്ചു. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച പേക്കാലം എന്ന ഏകപാത്രനാടകാവതരണത്തനിടെയാണ് സംഭവം.
ഏകപാത്ര നാടകം അവതരിപ്പിക്കുന്നതിനിടെയാണ് കലാകാരനെ നായ കടിച്ചത്. നാടക പ്രവർത്തകൻ കണ്ടക്കൈയിലെ പി. രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.
മൈക്കിലൂടെ നായയുടെ കുര ഉച്ചത്തിൽ കേട്ടതോടെയാണ് തെരുവുനായ വേദിയിലേക്ക് ഓടിക്കയറി കലാകാരനെ ആക്രമിച്ചത്. നാടകത്തിനിടെ നായ കടിച്ചപ്പോൾ അത് നാടകത്തിൻ്റെ ഭാഗമാണെന്നാണ് കാണികൾ കരുതിയത്.
പിന്നീട് തെരുവാനായയാണെന്ന് തിരിച്ചറിഞ്ഞതോടെ വായനശാല പ്രവർത്തകർ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടകം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.