ഫോൺ രാത്രിയിൽ ചാര്‍ജിലിട്ട് ഉറങ്ങാറുണ്ടോ? 100 ശതമാനമാകുന്നതുവരെ ചാര്‍ജ് ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മൊബൈൽ ഫോൺ നൂറ് ശതമാനമാകുന്നത് വരെ ചാര്‍ജ് ചെയ്യുന്നവരാണോ നിങ്ങള്‍? അതുമല്ലെങ്കിൽ രാത്രിയിൽ ചാര്‍ജിലിട്ട് ഉറങ്ങുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നൂറ് ശതമാനം വരെ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ രാസഘടനയെ വേഗത്തിൽ നശിപ്പിക്കുകയും ഇത് കാലക്രമേണ ബാറ്ററിയുടെ ആയുസ് കുറക്കുകയും ചെയ്യും. എപ്പോഴും ഫോണ 80 ശതമാനം വരെ ചാര്‍ജ് ആയാൽ മതിയെന്നാണ് മിക്ക കമ്പനികളുടെ പറയുന്നത്. ഒരിക്കലും ബാറ്ററിയുടെ ചാർജ് പൂർണമായി ഇറങ്ങാൻ അനുവദിക്കരുത്.
ലിഥിയം-അയൺ ബാറ്ററികൾ പൂർണ്ണമായി ഡിസ്ചാർജ് ചെയ്യുന്നത് മൂലം അവയുടെ ദീർഘകാല പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. ബാറ്ററി 20% ൽ താഴെയെത്തുമ്പോൾ ചാർജ് ചെയ്യുന്നത് നല്ലതാണ്. ബാറ്ററി എപ്പോഴും 20 നും 80 ശതമാനത്തിനും ഇടയിൽ നിര്‍ത്തുകയാണ് നല്ലത്.
ഫോൺ പൂർണമായി ചാർജ് ആയതിനുശേഷവും ചാർജറിൽ കണക്ട് ചെയ്തിടുന്നത് ബാറ്ററിക്ക് ദോഷം ചെയ്യും. രാത്രിയിൽ ചാർജ് ചെയ്യുന്നവർ മിക്കവാറും രാവിലെയായിരിക്കും ഫോൺ നോക്കുന്നത്. ഇതൊഴിവാക്കണം. ദിവസത്തിൽ പല തവണയായി ചെറിയ അളവിൽ ചാർജ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
ഗെയിം കളിക്കുമ്പോഴും മറ്റും ഫോൺ ചൂടായിരിക്കുകയാണെങ്കിൽ തണുത്തതിന് ശേഷം മാത്രമേ ചാര്‍ജ് ചെയ്യാവൂ. ഫോണിനൊപ്പം ലഭ്യമായ ചാര്‍ജര്‍ മാത്രം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുക. വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ചാര്‍ജറുകൾ ഫോണിന്‍റെ ബാറ്ററിയെ ബാധിക്കും.