മാർപാപ്പമാർ ഇതുവരെ സന്ദർശിക്കാത്ത രാജ്യങ്ങൾ ഏതെന്ന് അറിയാമോ?

 
Leo papa

ലെയോ പതിനാലാമൻ മാർപാപ്പ തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ഏപ്രിൽ 13-ന് അൾജീരിയയിൽ എത്തുമ്പോൾ, ആ രാജ്യത്തെ മണ്ണിൽ കാലുകുത്തുന്ന ആദ്യത്തെ മാർപാപ്പയായി മാറും. മാർപാപ്പാമാർ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക യാത്രകൾ നടത്താറുണ്ടെങ്കിലും ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളിൽ 57 എണ്ണത്തിൽ ഇതുവരെ ഒരു മാർപാപ്പയും സന്ദർശനം നടത്തിയിട്ടില്ലെന്ന് വത്തിക്കാൻ രേഖകൾ വ്യക്തമാക്കുന്നു.

നൂറ്റാണ്ടുകളോളം റോമിന് പുറത്തുള്ള പാപ്പായുടെ യാത്രകൾ അപൂർവ്വമായിരുന്നു. എന്നാൽ 1964-ൽ പോൾ ആറാമൻ മാർപാപ്പ വിശുദ്ധ നാട്ടിലേക്ക് നടത്തിയ യാത്രയോടെയാണ് ആഗോള തീർത്ഥാടനങ്ങളുടെ പുതിയ യുഗം ആരംഭിച്ചത്. തുടർന്ന് വന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ 104 വിദേശയാത്രകൾ നടത്തി റെക്കോർഡ് സൃഷ്ടിച്ചു. ബെനഡിക്ട് പതിനാറാമൻ പാപ്പ 24 യാത്രകളും ഫ്രാൻസിസ് മാർപ്പാപ്പ തന്റെ 12 വർഷത്തെ ഭരണകാലയളവിൽ 47 യാത്രകളും നടത്തി. 1964 മുതൽ 2025 അവസാനിക്കുന്നത് വരെ 61 വർഷത്തിനിടെ വിവിധ മാർപാപ്പമാർ ആകെ 137 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

സന്ദർശനം നടക്കാത്ത രാജ്യങ്ങൾ

മാർപാപ്പമാർ ഇതുവരെ സന്ദർശിക്കാത്ത 57 രാജ്യങ്ങളിൽ മൂന്നിലൊന്നും ഏഷ്യൻ ഭൂഖണ്ഡത്തിലാണ് (21 രാജ്യങ്ങൾ). ഇതിൽ സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, മലേഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും, ചില ബുദ്ധമത രാജ്യങ്ങളും ഉൾപ്പെടുന്നു. ആഫ്രിക്കയിൽ എത്യോപ്യ, എറിത്രിയ ഉൾപ്പെടെ 13 രാജ്യങ്ങളിലും, അമേരിക്കൻ ഭൂഖണ്ഡത്തിലെ സുരിനാം, ഗയാന ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങളിലും എത്തിയിട്ടില്ല. കൂടാതെ കരീബിയൻ, പസഫിക് മേഖലകളിലെ 18 ചെറിയ ദ്വീപ് രാഷ്ട്രങ്ങളും ഈ പട്ടികയിലുണ്ട്. മോൾഡോവ, സെർബിയ, മോണ്ടിനെഗ്രോ ഉൾപ്പെടെ യൂറോപ്പിലെ ഏഴ് രാജ്യങ്ങളും ഇതുവരെ സന്ദർശിക്കപ്പെട്ടിട്ടില്ല.

കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ മുൻ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലും, കത്തോലിക്കാ വിശ്വാസം ന്യൂനപക്ഷമായ ഇടങ്ങളിലും മാർപാപ്പാമാരുടെ സന്ദർശനങ്ങൾ കുറവാണ്. റഷ്യ, ചൈന, ഉത്തര കൊറിയ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓർത്തഡോക്സ് സഭകൾക്ക് പ്രാധാന്യമുള്ള റഷ്യ, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലും സന്ദർശനം നടന്നിട്ടില്ല. എങ്കിലും വിയറ്റ്നാമുമായുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുന്നത് ഭാവിയിൽ അവിടെയൊരു സന്ദർശനത്തിന് വഴിതുറന്നേക്കാം.

വിയറ്റ്നാമിന് പുറമെ അൻഡോറ, മോണ്ടിനെഗ്രോ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശന സാധ്യതകൾ വത്തിക്കാൻ പരിശോധിക്കുന്നുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യം ഒമാൻ പോലുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് തടസ്സമാണ്. അതേസമയം, 2027-ൽ പാപുവ ന്യൂ ഗിനിയയിൽ നിന്ന് സ്വാതന്ത്ര്യം നേടി ബൊഗെയ്ൻവിൽ എന്ന പുതിയ രാജ്യം നിലവിൽ വരികയാണെങ്കിൽ, സന്ദർശിക്കപ്പെടാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു പേര് കൂടി കൂട്ടിച്ചേർക്കപ്പെട്ടേക്കാം.

ക‌‌ടപ്പാട്- എഡിറ്റ് കേരള

Tags

Share this story

From Around the Web