സാലറി അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

 
salary acount

ജോലിയുള്ള മിക്ക ആളുകൾക്കും സാലറി അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ സാലറി അക്കൗണ്ട് നൽകുന്ന സേവനങ്ങളെക്കുറിച്ച് അധികമാർക്കും അറിവുകളില്ല. മറ്റ് ബാങ്ക് അക്കൗണ്ടുകൾ പോലെയല്ല, സാലറി അക്കൗണ്ടിൽ കാശില്ലെങ്കിലും ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ല. സാലറി അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണ്. നിശ്ചിത തുക സൂക്ഷിക്കണമെന്ന നിബന്ധനയില്ലാത്തതിനാൽ, പിഴ ഈടാക്കുമെന്ന പേടി വേണ്ട.

സാധാരണ സേവിങ്സ് അക്കൗണ്ടിൽ മാസത്തിൽ 5 തവണ മാത്രമേ സൗജന്യമായി എടിഎം ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. പിന്നീട് ഉപയോ​ഗിക്കുമ്പോൾ ഒരു നിശ്ചിത തുക ഈടാക്കാറുണ്ട്. എന്നാൽ സാലറി അക്കൗണ്ട് ഉള്ളവർക്ക് സ്വന്തം ബാങ്കിന്റെ എടിഎംൽ എത്ര തവണ വേണമെങ്കിലും ട്രാൻസാക്ഷൻ നടത്താൻ കഴിയും . ചാർജ് ഈടാക്കുകയേ ഇല്ല.

സാലറി അക്കൗണ്ടുകളുടെ മറ്റൊരു പ്രത്യേകത സൗജന്യമായി ഇൻഷുറൻസ് പരിരക്ഷയും നൽകുന്നു എന്നുള്ളതാണ്. ഉയർന്ന സാലറി ക്രെഡിറ്റ് ആകുന്ന സാലറി അക്കൗണ്ടുകൾക്ക് ചില ബാങ്കുകൾ ഇൻഷുറൻസ് നൽകുന്നു. അപകട ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയൊക്കെ ഉൾപ്പെടാം. ഇത് നിങ്ങൾക്ക് ഒരു അധിക സാമ്പത്തിക സുരക്ഷയാണ് നൽകുന്നത്.

വായ്പ ഏതുമാകട്ടെ ആകർഷകമായ നിരക്കിൽ വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ലഭ്യമാകുകയും സാലറി അക്കൗണ്ടുകാർക്ക് മുൻഗണന ലഭിക്കുകയും ചെയ്യും.

ഇന്നത്തെ കാലത്ത് ഒരു ക്രെഡിറ്റ് കാർഡ് അത്യാവശ്യമാണല്ലോ. സാലറി അക്കൗണ്ട് ഉടമകൾക്ക് ചില ബാങ്കുകൾ സാധാരണയായി വാർഷിക ഫീസുകൾ ഒന്നുമില്ലാത്ത ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്. ഒപ്പം ആകർഷകമായ റിവാർഡ് പോയിന്റുകളും ഓഫറുകളും വേറെയും. പണമയക്കാൻ ഇനി ചാർജ്ജ് കൊടുക്കുകയേ വേണ്ട. NEFT, RTGS പോലുള്ള ഡിജിറ്റൽ സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും.

സാലറി അക്കൗണ്ടുകൾ ‌ഉള്ളവർക്ക് പെട്ടെന്ന് ഒരാവശ്യം വന്നാൽ പണം കണ്ടെത്താൻ ഓവർഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടു മാസത്തെ നെറ്റ് സാലറിക്കു തുല്യമായ ഓവർഡ്രാഫ്റ്റ് സൗകര്യം അക്കൗണ്ട് ഉടമകൾക്ക് നൽകുന്നുണ്ട് . പക്ഷെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്.

Tags

Share this story

From Around the Web