നിമിഷപ്രിയയുടെ മോചനത്തില്‍ ഇന്നും ചര്‍ച്ച തുടരും, ദിയാദനത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യമനില്‍ ഇന്നും തുടരും. നോര്‍ത്ത് യമനിലെ ദമാറില്‍ നടക്കുന്ന ചര്‍ച്ചയില്‍ തലാലിന്റെ കുടുംബാംഗങ്ങളും, ഭരണകൂട പ്രതിനിധികളും പങ്കെടുക്കും.
ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തില്‍, അത് എത്രയാണ് എന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാവാനും സാധ്യത.കാന്തപുരം യമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമ്മറിന്റെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മധ്യസ്ഥ വഹിക്കുന്ന ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധികള്‍ ദമാറില്‍ തന്നെ തുടരുകയാണ്.
ശൈഖ് ഹബീബ് ഉമറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെടലിലൂടെയാണ് ചര്‍ച്ചകള്‍ നടന്നത്. യെമന്‍ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വധശിക്ഷ നീട്ടിവെച്ചത്. ഇന്നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ തീരുമാനിച്ചിരുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന നീക്കം യെമന്‍ നീട്ടിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. റിയാദിലെ ഇന്ത്യന്‍ എംബസി വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയില്‍ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും ബന്ധപ്പെട്ടുവരുന്നുണ്ട്.