രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചു? : നടന്‍ ബോബി കുര്യനെ എസ്ഐടി ചോദ്യം ചെയ്തു
കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ ബോബി കുര്യന്‍ സഹായിച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ബോബി കുര്യന്‍ മൊഴി നല്‍കിയതെന്നാണ് സൂചന.
പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും നടന്‍ മൊഴി നല്‍കി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ തെളിവ് ശേഖരിച്ചശേഷം ബോബി കുര്യനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. നടന്റെ കാറില്‍ പോകുന്നതിനിടെയാണ് രാത്രി തൊടുപുഴയ്ക്ക് സമീപത്തുവെച്ച് പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സഹസംവിധായിക ശാലിനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കുറ്റകൃത്യം നടന്ന സിനിമാ സെറ്റിലുണ്ടായിരുന്ന മറ്റു അണിയറ പ്രവര്‍ത്തകരെയും പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിക്കുന്നുണ്ട്. കേസില്‍ അനുബന്ധ തെളിവു ശേഖരണവുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന സംവിധായകന്‍ രഞ്ജിത്ത് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.