ധന്യൻ മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു തുടക്കമായി

 
www
പെരുനാട് (പത്തനംതിട്ട): പുനരൈക്യ ശില്‌പി ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാംഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടിൽ നിന്നുള്ള പ്രധാന തീർത്ഥാടന പദയാത്രയ്ക്കു തുടക്കമായി. രാവിലെ റാന്നി - പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ നടന്ന കുർബാനയ്ക്ക് മേജർ ആർച്ച്‌ ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു.

പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ഡൽഹി- ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷൻ ബിഷപ് തോമസ് മാർ അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ് മാത്യൂസ് മോർ പോളികാർപ്പസ്, പുന-ഖഡ്ഗി ഭദ്രാസന അധ്യക്ഷൻ ബിഷപ് മാത്യൂസ് മാർ പക്കോമിയോസ്, കുരിയാ മെത്രാൻ ആന്റണി മാർ സിൽവാനോസ്, പത്തനംതിട്ട ഭദ്രാസന പ്രഥമ അധ്യക്ഷൻ ബിഷപ്പ് യുഹാനോൻ മാർ ക്രിസോസ്റ്റം, വികാരി ജനറാൾമാരായ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, മോൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, മോൺ. തോമസ് കയ്യാലയ്ക്കൽ അടക്കം നിരവധി വൈദികർ സഹകാർമികരായിരുന്നു.

പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നൽകുന്നത്. നിലയ്ക്കൽ വനമേഖലയിൽനിന്ന് ആഘോഷപൂർവം എത്തിച്ച വള്ളിക്കുരിശ് ഇന്നലെ രാവിലെ കാതോലിക്കാ ബാവ പെരുനാട് ദേവാലയത്തിൽ ഏറ്റുവാങ്ങി. കുർ ബാനയ്ക്കു ശേഷം പത്തനംതിട്ട രൂപത പ്രസിഡൻ്റ ബിബിൻ ഏബ്രഹാമിനു വള്ളി കുരിശ് കൈമാറി.

കാതോലിക്കാ പതാക സഭാതല പ്രസിഡൻ്റ് മോനു ജോസഫും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയിൽനിന്ന് ഏറ്റുവാങ്ങി. ഇന്നു രാവിലെ ഓമല്ലൂരിൽ തിരുവല്ല അതിരൂപത, മുവാറ്റുപുഴ രൂപത തീർഥാടകസംഘങ്ങൾ പ്രധാന പദയാത്രയ്ക്കെ‌ാപ്പം ചേരും.

കൈപ്പട്ടൂർ, ചന്ദനപ്പള്ളി, അടൂർ വഴി പുതുശേരി ഭാഗത്ത് വൈകുന്നേരം എത്തും. കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി 14നു വൈകുന്നേരം സെൻ്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ ധന്യൻ മാർ ഈവാനിയോസിൻ്റെ കബറിങ്കലെത്തും.

Tags

Share this story

From Around the Web