മരിയഭക്തി ദൈവത്തിന്റെ ആർദ്രത സഭയിലേക്കു കൊണ്ടുവരുന്നു: ലെയോ പതിനാലാമൻ മാർപാപ്പ

പരിശുദ്ധ അമ്മയോടുള്ള ഭക്തി സഭയിലേക്ക് ദൈവത്തിന്റെ ആർദ്രത കൊണ്ടുവരുന്നു എന്ന്, ഒക്ടോബർ 12 ഞായറാഴ്ച മരിയൻ ആത്മീയതയുടെ ജൂബിലി ആഘോഷവേളയിൽ ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. ഈ ജൂബിലിക്കായി മുപ്പതിനായിരത്തോളം തീർഥാടകരാണ് റോമിൽ എത്തിച്ചേർന്നത്.
ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായിരുന്ന ഇന്നലെ, ലെയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പരിശുദ്ധ കുർബാന അർപ്പിച്ചു. കുർബാനയ്ക്കിടെ പരിശുദ്ധ ദൈവമാതാവിനു സമർപ്പിച്ചിരിക്കുന്ന പ്രാർഥനാഗ്രൂപ്പുകൾ, ആരാധനാലയങ്ങൾ, എന്നിവയുടെ അംഗങ്ങളോട് പരിശുദ്ധ പിതാവ് അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ചു.
വിശുദ്ധ ഗ്രന്ഥത്തിലും സഭാപാരമ്പര്യത്തിലും അടിസ്ഥാനമായിരിക്കുന്ന അവരുടെ ആത്മീയത ഓരോ വ്യക്തിയിലുമുള്ള ദൈവസ്നേഹത്തിന്റെ അഗാധമായ സൗന്ദര്യം വെളിപ്പെടുത്തുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. മറിയം യേശുവിന്റെ പാത പിന്തുടരുന്നു. അത് എല്ലാ മനുഷ്യരെയും പ്രത്യേകിച്ച് പാവപ്പെട്ടവരെയും മുറിവേറ്റവരെയും പാപികളെയും കണ്ടുമുട്ടുന്നതിലേക്ക് നമ്മെ നയിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ആധികാരികമായ മരിയൻ ആത്മീയത ദൈവത്തിന്റെ ആർദ്രതയെ സഭയിലേക്കു കൊണ്ടുവരുന്നു എന്നും പാപ്പ കൂട്ടിച്ചേർത്തു. കൂടാതെ മരിയൻഭക്തി, നവീകരണത്തിനും പരിവർത്തനത്തിനുമുള്ള ഒരു പ്രേരകശക്തിയായി ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 12 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രഭാഷണം നടത്തിയ മാർപാപ്പ, പോർച്ചുഗലിൽ നിന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ നിന്നുകൊണ്ട് സഭയെയും ലോകത്തെയും പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു. അതോടൊപ്പം യുദ്ധക്കെടുതികൾ അനുഭവിക്കുന്നവർക്കു വേണ്ടിയും, സമാധാനത്തിന്റെ സമ്മാനം ലോകത്തിനു നൽകണമേ അദ്ദേഹം പ്രത്യേകമായി പ്രാർഥിച്ചു.