സുഡാൻ അതിർത്തിയിൽ സൈനികവിന്യാസം; അഭയാർഥികളെ മാറ്റിപ്പാർപ്പിച്ച് ചാഡ്

 
ceee

സുഡാനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, അതിർത്തിപ്രദേശങ്ങളിൽ നിന്ന് അഭയാർഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് ചാഡ്. അതിർത്തിമേഖലയുടെ സുരക്ഷ സൈന്യം ഏറ്റെടുക്കുന്നതിനാലാണ് അഭയാർഥികളോട് വേഗത്തിൽ മാറാൻ നിർദേശിച്ചത്. വരുംദിവസങ്ങളിൽ ഈ മേഖലയിൽ ചാഡ് സൈന്യം പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തും.

സുഡാൻ അതിർത്തിയിലെ ടിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഏകദേശം 2,300 പേരെയാണ് ചാഡ് ഭരണകൂടം മാറ്റിപ്പാർപ്പിക്കുന്നത്. ഇതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. അതിർത്തിയിൽ നിന്ന് രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. കഴിഞ്ഞയാഴ്ച സുഡാനിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ ചാഡിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, സുഡാൻ മണ്ണിൽ കടന്ന് തിരിച്ചടി നൽകാൻ പ്രസിഡന്റ് മഹാമത് ഇദ്രിസ് ഡെബി സൈന്യത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സുഡാനിലെ സൈന്യവും പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള ആഭ്യന്തരയുദ്ധം ചാഡിലേക്ക് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം തന്നെ ചാഡ് അതിർത്തി അടച്ചിരുന്നു. എങ്കിലും യുദ്ധം ഭയന്ന് സുഡാനിൽ നിന്നുള്ള അഭയാർഥിപ്രവാഹം തുടരുകയാണ്. സുഡാനിലെ ആഭ്യന്തരകലഹം അയൽരാജ്യങ്ങളിലേക്ക് പടരുന്നത് ആഫ്രിക്കൻ മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Tags

Share this story

From Around the Web