ശശി തരൂർ എംപിക്ക് ആശ്വാസം, ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്
ന്യൂഡൽഹി: ലോക്സഭാംഗം ശശി തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. തരൂരിന്റെ സ്വകാര്യതാ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ ഉത്തരവ്. പാക്കിസ്ഥാനെ പ്രകീർത്തിക്കുന്ന തരത്തിലുള്ള വ്യാജ ദൃശ്യങ്ങൾ ഉൾപ്പെടെ തരൂരിനെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് നിർദ്ദേശം.
സാങ്കേതികവിദ്യ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെയും പ്രമുഖ വ്യക്തികളെയും വ്യാജമായി ചിത്രീകരിക്കുന്നത് തടയണമെന്ന് കോടതി നിരീക്ഷിച്ചു. തരൂരിന്റെ ശബ്ദവും രൂപവും അനുകരിച്ച് നിർമ്മിച്ച വീഡിയോകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. ഗൂഗിൾ, എക്സ് (ട്വിറ്റർ), മെറ്റ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കാണ് ഈ ഉള്ളടക്കങ്ങൾ നീക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ എന്നിവരും മലയാളത്തിൽ നിന്ന് നടൻ മോഹൻലാലും തങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരും നിയമപോരാട്ടത്തിലൂടെ തനിക്കുണ്ടായ വ്യക്തിഹത്യക്കെതിരെ വിധി സമ്പാദിച്ചിരിക്കുന്നത്.