രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന്റെ അനുമതി; കവചിത വാഹനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, മിസൈലുകള്‍ എന്നിവ വാങ്ങും

രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് വിവിധ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.
കവചിത വാഹനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ എന്നിവയടക്കം വാങ്ങുന്ന പദ്ധതിയാണ് സാധ്യമാകുന്നത്. പടക്കോപ്പുകളും വാഹനങ്ങളും ആഭ്യന്തരമായാണ് വാങ്ങുക. പടക്കപ്പലുകളെ വിവിധ ആക്രമണങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള സംവിധാനങ്ങളും പുതിയ പദ്ധതിയുടെ ഭാഗമായി വാങ്ങും. കര-നാവിക-വ്യോമ സേനകള്‍ക്കായാണ് ആയുധ ഇടപാട് നടക്കുക.
ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍ പ്രധാനമായും പത്ത് നിര്‍ദേശങ്ങളാണ് മുന്നോട്ട് വന്നത്. ഈ മുഴുവന്‍ നിര്‍ദേശങ്ങളും അംഗീകരിക്കപ്പെടുകയും ചെയ്തു. ആയുധ സംഭരണം ഇന്ത്യന്‍ കമ്പനികളിൽ നിന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.